പ്രളയക്കെടുതി; പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

പത്തനംതിട്ട: സംസ്ഥാനത്ത് പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജില്ലാകളക്ടര്‍. എല്ലാ ജീവനക്കാരും ഓഫീസില്‍ ഹാജരാകണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.

കൃഷി, വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ക്യാമ്പുകളിലേക്ക് നിയോഗിച്ചുകൊണ്ട് നല്‍കിയിട്ടുള്ള ഉത്തരവ് പ്രകാരം ഈ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ നിശ്ചയിച്ചിട്ടുള്ള ക്യാമ്പുകളില്‍ ഹാജരായി ചുമതലകള്‍ നിര്‍വഹിക്കണമെന്നും, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിട്ടുള്ള ഉത്തരവുകള്‍ ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

അതേസമയം, പല ഭാഗങ്ങളിലും കനത്ത മഴ കുറഞ്ഞിട്ടുണ്ട്. എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഒഡീഷ-ബംഗാള്‍ തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടെങ്കിലും ഇതുവരെ ശക്തി പ്രാപിചിട്ടില്ല.

പ്രളയബാധിത ജില്ലകളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് പ്രവര്‍ത്തിക്കും. പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ തിരുവല്ലയില്‍ 15 ബോട്ടുകള്‍ കൂടെ എത്തിക്കും. ഇന്ന് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തിരുവല്ലയിലാണ്.

Top