ന്യൂഡല്‍ഹി : കേരളത്തിലെ പ്രളയക്കെടുതി ഒരു സംസ്ഥാനത്തിന്റേതു മാത്രമല്ല, രാജ്യത്തിന്റേതു തന്നെയെന്നു കരുതിയുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ആവശ്യപ്പെട്ടു. കേരളം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ഥിതിയുടെ ഭീകരാവസ്ഥ നേരിട്ടു മനസ്സിലാക്കി തുടര്‍ നടപടികള്‍ ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയുള്ളത്.
കേരളത്തിലുണ്ടായ പ്രകൃതി ദുരന്തം മൂലമുള്ള നാശ നഷ്ടങ്ങള്‍ തുടരുകയാണ്. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള മരണ സംഖ്യയേക്കാള്‍ എത്രയോ അധികമാണ് സംഭവിച്ചതെന്നു പിന്നീടു മാത്രമേ മനസ്സിലാവൂ. ദുരിതാശ്വാസ പാക്കേജ് സംബന്ധിച്ച് കേന്ദ്രത്തിന്റെ ഉദാര സമീപനമുണ്ടാവണം. ആവശ്യമായ തോതില്‍ കേന്ദ്രസേനയെ ലഭ്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ പ്രതിസന്ധിക്കുശേഷം പുനരധിവാസത്തിനും പകര്‍ച്ചവ്യാധികള്‍ തടയാനുള്ള നടപടികള്‍ക്കും കേന്ദ്രത്തിന്റെ ശക്തമായ കൈത്താങ്ങു കൂടിയേ തീരൂ. പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്ന് മനുഷ്യത്വം നിറഞ്ഞ ഉദാരമനസ്‌കതയാണ് ജനം പ്രതീക്ഷിക്കുന്നതെന്നും യച്ചൂരി വ്യക്തമാക്കി.