തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയബാധിതരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാന്‍ വേണ്ട ബോട്ടുകള്‍ വിട്ടുനല്‍കാതിരുന്ന അഞ്ചു ബോട്ടുടമകളില്‍ നാലുപേരെ ദുരന്തനിവാരണ നിയമപ്രകാരം അറസ്റ്റ് ചെയ്തു.
ലേക്ക്‌സ് ആന്റ് ലഗൂണ്‍സ് ഉടമ സക്കറിയ ചെറിയാന്‍, റെയിന്‍ബോസ് ഉടമ സാലി, കോസി ഉടമ കുര്യന്‍, ആല്‍ബിന്‍ ഉടമ വര്‍ഗീസ് സോണി എന്നിവരെ ഇതിനകം അറസ്റ്റുചെയ്തു. തേജസ് ഉടമ സിബിയെ ഉടന്‍ അറസ്റ്റുചെയ്ത് ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അറസ്റ്റ് ചെയ്തവരെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തിന് ബോട്ടുകള്‍ വിട്ടുനല്‍കാമെന്ന വ്യവസ്ഥ രേഖാമൂലം നല്‍കിയതിനെത്തുടര്‍ന്ന് ജാമ്യം നല്‍കി വിട്ടയച്ചു.
ബോട്ട് ഡ്രൈവര്‍മാരില്‍ പലരും അനധികൃതമായി ലൈസന്‍സ് വാങ്ങിയതാണെന്ന പരാതി അടിയന്തരമായി പരിശോധിക്കാന്‍ പോര്‍ട്ട് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാത്ത ബോട്ടുഡ്രൈവര്‍മാരുടെ ലൈസന്‍സ് അടിയന്തരമായി സസ്പെന്റു ചെയ്യാനും മന്ത്രി ജി.സുധാകരന്‍ നിര്‍ദേശിച്ചിരുന്നു.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങാന്‍ വിസമ്മതിച്ച 18 പേരുടെ ഡ്രൈവിങ് ലൈസന്‍സ് ക്യാന്‍സല്‍ ചെയ്തതായും അധികൃതര്‍ അറിയിച്ചു.