കോഴിക്കോട്: ഐ ഫുഡ്‌ബോള്‍ ലീഗില്‍ ഗോകുലം കേരള എഫ്‌സി ഇന്ന് വൈകിട്ട് 5 ന് ഇന്ത്യന്‍ ആരോസിനെ നേരിടും. ഏറെ പ്രതീക്ഷയോടെയാണ് ഗോകുലം ടീം ഇന്നു കളത്തിലിറങ്ങുന്നത്.. നവംബര്‍ 18 നു കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ വെച്ച് മിനര്‍വ പഞ്ചാബിനെ തോല്‍പ്പിച്ച ശേഷം ഒറ്റ വിജയം നേടാന്‍ ഗോകുലം ടീമിന് ആയിട്ടില്ല. പത്തു കളികളില്‍ 6 ലും തോറ്റു, നാലു സമനില. 12 പോയിന്റുകളുമായി ടീം ഇപ്പോള്‍ പത്താം സ്ഥാനത്താണ്.
പരിശീലകനായി ബിനോ ജോര്‍ജ് ഉണ്ടെങ്കില്‍ പോലും പുതിയതായി എത്തിയ ടെക്ക്‌നിക്കല്‍ ഡയറക്ടര്‍ ഗിഫ്റ്റ് റെയ്ഖന്റെ മേല്‍നോട്ടത്തിലാണ് ടീം ഈ തവണ കളിക്കിറങ്ങുന്നത്. ചില കളികളില്‍ ലീഡ് കിട്ടിയില്ലെങ്കിലും സമനിലയില്‍ എത്തിയിരുന്നു.
റിയല്‍ കാശ്മീരിനെ നേരിടാന്‍ കാശ്മീരിലെത്തിയ ഗോകുലത്തിന് മഞ്ഞുവീഴ്ചയോട് പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ ഒരു ഗോളിന് തോറ്റു. 6 ദിവസം കനത്ത മഞ്ഞു വീഴ്ച കാരണം കാശ്മീരില്‍ കുടുങ്ങി കിടന്ന ഗോകുലം കഴിഞ്ഞ ദിവസം കേരളത്തിലെത്തി പരിശീലനം പുനര്‍ ആരംഭിച്ച ശേഷമാണ് ഇന്നു കളത്തിലിറങ്ങുന്നത്.
മലയാളി താരം കെ.പി രാഹുല്‍ ഉള്‍പ്പെടുന്ന കൗമാരനിരയാണ് ആരോസിനെതിരെ അമ്പുകള്‍ പായിക്കുന്നത്. കഴിഞ്ഞ നാലു കളിയിലും തോറ്റതിന്റെ ഷീണം തീര്‍ക്കാനായിരിക്കും അവര്‍ ഇത്തവണ കളത്തിലിറങ്ങുന്നത്.