കൊച്ചി: സമൂഹമാധ്യമങ്ങള്‍ വഴി ചികിത്സാ സഹായ അഭ്യര്‍ഥന നടത്തുന്നതിന് പിന്നില്‍ തട്ടിപ്പ് സംഘങ്ങളോ ? ഗൗരവമായി ഇക്കാര്യത്തില്‍ പരിശോധനക്ക് ഒരുങ്ങുകയാണ് കേരള പൊലീസ്. കൊച്ചി ഡി.സി.പി പൂങ്കുഴിക്കാണ് അന്വേഷണ ചുമതല. തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാക്കിയാല്‍ അന്വേഷണ സംഘത്തെ വിപുലീകരിക്കും.
ചികിത്സാ സഹായം തേടിയ യുവതിയുടെ അക്കൗണ്ടിലേക്ക് ഒരു കോടി രൂപയിലേറെ രൂപ എത്തിയ സംഭവത്തില്‍ നിയമവിരുദ്ധ പണം ഇടപാടു സംഘമെന്നു സംശയിക്കുന്നതായി ഡിസിപി ജി.പൂങ്കുഴലി ഐപിഎസ് തന്നെ വ്യക്തമാക്കി കഴിഞ്ഞു. സംഭവത്തിനു ഹവാല, കുഴല്‍പ്പണ ബന്ധമുണ്ടോ എന്നതാണ് പൊലീസ് പരിശോധിക്കുന്നത്.
ഇത്ര വലിയ തുക കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിയത് അസ്വാഭാവികമായാണ് കാണുന്നത്. ഇക്കാര്യത്തില്‍ വിശദമായ പരിശോധനയ്ക്കു നിര്‍ദേശിച്ചതായും ഡിസിപി പറഞ്ഞു.
ചികിത്സാ ആവശ്യത്തിനുള്ളതു കിഴിച്ചുള്ള തുക യുവതിയില്‍ നിന്നു തിരികെ ലഭിക്കുമെന്ന വിശ്വാസത്തില്‍ സുരക്ഷിത മാര്‍ഗം എന്ന നിലയില്‍ കുഴല്‍പ്പണം വര്‍ഷയുടെ അക്കൗണ്ടിലേക്കയച്ചതാണോ എന്നതാണു പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
കണ്ണൂര്‍ സ്വദേശിനിയായ വര്‍ഷ എന്ന യുവതിയാണ് അമ്മയുടെ കരള്‍ മാറ്റിവയ്ക്കുന്നതിനായി സമൂഹമാധ്യമങ്ങളിലൂടെ അഭ്യര്‍ഥന നടത്തിയത്. ഇതിന് സഹായിച്ച സാജന്‍ കേച്ചേരി എന്നയാള്‍ പണം തനിക്കു കൂടി കൈകാര്യം ചെയ്യാന്‍ സാധിക്കും വിധം അക്കൗണ്ട് മാറ്റണം എന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായ പരാതി നിലവില്‍ പൊലീസിനു മുന്നിലുണ്ട്. ഇതിനു ശേഷം ഫിറോസ് കുന്നുംപറമ്പിലും വര്‍ഷയുമായി സംസാരിച്ചിരുന്നു. സാജന്‍ കേച്ചേരിക്കു വേണ്ടിയായിരുന്നു ഫിറോസിന്റെ സംസാരം. ഇതും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
സമൂഹമാധ്യമങ്ങളിലൂടെ സാജന്‍ കേച്ചേരിയും സഹായികളും ഭീഷണിപ്പെടുത്തുകയും വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതിന്റെയും വിവരങ്ങള്‍ പൊലീസ് ഇതിനകം തന്നെ ശേഖരിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിര്‍ദേശിച്ചതനുസരിച്ചാണ് വര്‍ഷയിപ്പോള്‍ ഡിസിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.
തുടര്‍ന്ന് എറണാകുളം ചേരാനല്ലൂര്‍ സ്റ്റേഷന്റെ ചുമതലയുള്ള സബ് ഇന്‍സ്പെക്ടര്‍ ലിജോ ജോസഫ് യുവതിയുടെ താമസ സ്ഥലത്തെത്തി പരാതി സ്വീകരിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ചികിത്സയ്ക്കായി 30 ലക്ഷത്തില്‍ താഴെയുള്ള തുകയ്ക്കാണ് യുവതി അഭ്യര്‍ഥന നടത്തിയത്. എന്നാല്‍ ആദ്യ ദിവസം 65 ലക്ഷം രൂപയിലേറെ അക്കൗണ്ടില്‍ എത്തിയതോടെ ഇനി ആരും പണം അയയ്ക്കേണ്ട എന്ന് അറിയിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം കൂടുതല്‍ തുക അക്കൗണ്ടില്‍ എത്തുകയായിരുന്നു. ഒന്നേകാല്‍ കോടി രൂപയോളമാണ് അക്കൗണ്ടില്‍ എത്തിയിരിക്കുന്നത്.
പെണ്‍കുട്ടിയുടെ അക്കൗണ്ടിലേയ്ക്ക് 60 ലക്ഷം രൂപ വിദേശത്തുള്ള ഒരു ചാരിറ്റി സംഘടന ഒറ്റത്തവണയായി നിക്ഷേപിച്ചതായി പെണ്‍കുട്ടിയെ സഹായിച്ചയാള്‍ പറയുന്നുണ്ട്. ഇതില്‍ അസ്വഭാവികത ഉള്ളതായാണ് പൊലീസ് വിലയിരുത്തുന്നത്.
അക്കൗണ്ടിലേയ്ക്ക് അഞ്ചു ലക്ഷവും മറ്റും ഇട്ടവരുമുണ്ടെന്നു യുവതിയും വ്യക്തമാക്കിയിട്ടുണ്ട്. ‘സര്‍ജറിക്കു കയറുന്നതിനു മുന്‍പാണ് താന്‍ അക്കൗണ്ട് പരിശോധിച്ചത്. അതിനു ശേഷം ആരെങ്കിലും വലിയ തുക നിക്ഷേപിച്ചോ എന്നതിനെക്കുറിച്ച് അറിയില്ലെന്നും” വര്‍ഷ പറയുന്നു.
ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ മുന്‍കൂട്ടി അക്കൗണ്ട് ഉടമകളുമായി കരാറിലേര്‍പ്പെടുന്നതായാണു പൊലീസ് സംശയിക്കുന്നത്. ഇതിന് ഒപ്പിട്ട ബ്ലാങ്ക് ചെക്കും പ്രോമിസറി നോട്ടുംവരെ തയാറാക്കുന്നുണ്ടത്രെ. ഇതിനുശേഷമാണ് വാട്സാപ്പിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും സഹായ അഭ്യര്‍ഥന നടത്തുന്നത്. ഇതൊരു ‘പുകമറ’ മാത്രമാണെന്നാണ് വാദം.
അക്കൗണ്ട് ഉടമകള്‍ ആശുപത്രി തിരക്കുകളില്‍ ആകുന്ന സമയം ചികിത്സയ്ക്കാവശ്യമുള്ള പണം നല്‍കി, ബാക്കിയുള്ളവ സ്വന്തം അക്കൗണ്ടിലേയ്ക്ക് മാറ്റുന്നതാണ് രീതിയെന്നാണ് പൊലീസ് പറയുന്നത്. രോഗി മരിക്കുന്ന സാഹചര്യമുണ്ടായാല്‍ ആശുപത്രി ബില്‍ കിഴിച്ചുള്ള തുക ഇവര്‍ സ്വന്തം അക്കൗണ്ടിലേയ്ക്ക് മാറ്റുകയും ചെയ്യുമത്രെ.
സാധാരണക്കാരായ ആളുകള്‍ ആവശ്യം കഴിഞ്ഞാല്‍, ബാക്കിയുള്ള തുക എതിര്‍പ്പ് അറിയിക്കാതെ തട്ടിപ്പു സംഘങ്ങള്‍ക്കു കൈമാറുകയും ചെയ്യും. വര്‍ഷയുടെ കാര്യത്തില്‍ അതിനു സാധിക്കാത പോയതാണ് ഇപ്പോഴുള്ള തര്‍ക്കങ്ങളിലേയ്ക്കും ഭീഷണികളിലേയ്ക്കും കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്.
അക്കൗണ്ടില്‍ അധികം വന്ന തുക മറ്റുള്ള രോഗികളെ സഹായിക്കാനാണ് ചെലവഴിക്കുക എന്നാണ് ഇവര്‍ അവകാശപ്പെടുന്നതെങ്കിലും ഇത് എന്താണു ചെയ്യുന്നത് എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴി ചാരിറ്റി തട്ടിപ്പ് നടക്കുന്നതായി നേരത്തേയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ വര്‍ഷയുടെ പരാതിയോടെ സംഭവത്തിന്റെ ഗതി മാറിയിരിക്കുകയാണ്. കര്‍ശന നടപടിക്കാണ് പൊലീസ് ഒരുങ്ങുന്നത്.
ഇതിന്റെ ഭാഗമായി ഫിറോസ് കുന്നുംപറമ്പിലിനും സാജന്‍ കേച്ചേരി, സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഹവാല, കുഴല്‍പ്പണ ഇടപാടുകളും പരിശോധിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.