Kerala governemnt win in bar case

ന്യൂഡല്‍ഹി: ബാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് വിജയം. സര്‍ക്കാരിന്റെ മദ്യനയം സുപ്രീം കോടതി പൂര്‍ണമായി അംഗീകരിച്ചു. ജസ്റ്റീസുമാരായ വിക്രംജിത് സെന്‍, ശിവകീര്‍ത്തി സിംഗ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണു ബാറുടമകളുടെ ഹര്‍ജി തള്ളിയത്.

കേസില്‍ സംസ്ഥാന സര്‍ക്കാരിനു പൂര്‍ണ വിജയമാണ് സുപ്രീം കോടതി വിധിയോടെ ലഭിച്ചത്. കേസുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും തള്ളുന്നുവെന്ന് മാത്രമാണ് രണ്ടംഗ ബെഞ്ച് വിധിച്ചത്.

മദ്യനയം സുപ്രീംകോടതി ശരിവച്ചതോടെ 27 പഞ്ചനക്ഷത്ര ബാറുകള്‍ മാത്രമായിരിക്കും ഇനി കേരളത്തില്‍ പ്രവര്‍ത്തിക്കുക. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കില്ല.

പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രം ബാര്‍ ലൈസന്‍സ് നല്‍കിയാല്‍ മതിയെന്ന സംസ്ഥാന സര്‍ക്കാര്‍ നയം ചോദ്യംചെയ്ത് ബാറുടമകള്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.

മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ, അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി എന്നിവര്‍ ഉള്‍പ്പെടെ മുന്‍നിര അഭിഭാഷകരെയാണ് ബാറുടമകള്‍ വാദത്തിന് ഇറക്കിയിരുന്നത്. സര്‍ക്കാറിന് വേണ്ടി കപില്‍ സിബലും വി. ഗിരിയും ഹാജരായി.

പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രം ബാര്‍ അനുവദിച്ചത് വിവേചനമാണെന്ന് ബാര്‍ ഉടമകള്‍ വാദിച്ചു. ഘട്ടങ്ങളായി മദ്യ ഉപയോഗം കുറച്ച് മദ്യനിരോധത്തിലേക്ക് നീങ്ങുന്നതിനു വേണ്ടിയാണ് ലൈസന്‍സ് പരിമിതപ്പെടുത്തിയതെന്ന വാദമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. വിനോദസഞ്ചാര വികസനം കണക്കിലെടുത്താണ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നിലനിര്‍ത്തിയതെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു.

ബാര്‍ കേസിന്റെ നാള്‍ വഴികള്‍

2013 ഫെബ്രുവരി 13: ബാര്‍ ലൈസന്‍സ് ഫീസ് 23 ലക്ഷമാക്കി നിജപ്പെടുത്തി മന്ത്രി കെ ബാബു ഉത്തരവ് പുറപ്പെടുവിച്ചു. ഏപ്രില്‍ 30ന് ചേര്‍ന്ന മന്ത്രിസഭാ യോഗം മന്ത്രിയുടെ ഉത്തരവിന് സാധൂകരണം നല്‍കി.

നിലവാരമില്ലെന്ന് എക്‌സൈസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയ 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്ന് 2014 ഏപ്രില്‍ 01 ന് സര്‍ക്കാര്‍ തീരുമാനിച്ചു.

ഏപ്രില്‍ 15: സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യംചെയ്ത് ബാറുടമകള്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കി.
ആഗസ്റ്റ് 21: പുതിയ മദ്യനയത്തിന് യു.ഡി.എഫ് അംഗീകാരം നല്‍കി. ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള മുഴുവന്‍ ബാറുകളും പൂട്ടാന്‍ തീരുമാനം.

ആഗസ്റ്റ് 25: പുതിയ മദ്യനയം സര്‍ക്കാര്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ചു.
ആഗസ്റ്റ് 26: മദ്യനയത്തില്‍ ഇടപെടില്ലെന്നും നയം നിയമമാക്കാമെന്നും സര്‍ക്കാറിനോട് ഹൈകോടതി നിര്‍ദേശിച്ചു. പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അബ്കാരി നിയമം ഭേദഗതി ചെയ്തു. ശേഷിച്ച ബാറുകള്‍ പൂട്ടാന്‍ നോട്ടീസ് നല്‍കി.
സെപ്റ്റംബര്‍ 6: മദ്യനയം ചോദ്യംചെയ്ത് ബാറുടമകള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. സെപ്റ്റംബര്‍ 30വരെ ബാറുകള്‍ പ്രവര്‍ത്തിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

സെപ്റ്റംബര്‍ 11: ഹൈകോടതിയിലുള്ള കേസുകള്‍ സെപ്റ്റംബര്‍ 30നകം തീര്‍പ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
സെപ്റ്റംബര്‍ 26: ഹൈകോടതിയിലെ കേസുകള്‍ തീര്‍പ്പാകും വരെ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സുപ്രീകോടതി ഉത്തരവിട്ടു.
സെപ്റ്റംബര്‍ 30: ബാറുകള്‍ക്ക് സുപ്രീംകോടതി അനുവദിച്ച സമയപരിധി അവസാനിച്ചു. കേസുകള്‍ ഹൈകോടതി വിധി പറയാന്‍ മാറ്റി. 418 ബാറുകള്‍ പൂട്ടിയ ശേഷം മദ്യഉപഭോഗം കുറഞ്ഞെന്ന് ബിവ്‌റേജസ് കോര്‍പറേഷന്‍ സത്യവാങ്മൂലം.
ഒക്ടോബര്‍ 30: മദ്യനയത്തിന് ഹൈകോടതി സിംഗ്ള്‍ ബെഞ്ചിന്റെ അംഗീകാരം. ഫോര്‍, ഫൈവ്, ഹെറിറ്റേജ് ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ ഉത്തരവ്.

നവംബര്‍ 1: സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കി.
2015 മാര്‍ച്ച് 31: സര്‍ക്കാറിന്റെ പുതുക്കിയ മദ്യനയം ഹൈകോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രം പ്രവര്‍ത്തനാനുമതി നല്‍കി.
2015 ഡിസംബര്‍ 29: സര്‍ക്കാര്‍ മദ്യനയത്തിന് സുപ്രീംകോടതിയുടെ അംഗീകാരം; ബാറുടമകളുടെ ഹര്‍ജികള്‍ തള്ളി.

Top