തിരുവനന്തപുരം: സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കാന്‍ തീരുമാനം. കരാറടിസ്ഥാനത്തില്‍ നിയമിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. പബ്ലിക് റിലേഷന്‍സ് വകുപ്പിന് കീഴില്‍ 25 അംഗ സംഘത്തെയാണ് നിയമിക്കുന്നത്. സംഘത്തലവന് മാസം ഒന്നേകാല്‍ ലക്ഷം രൂപ വേതനം നിശ്ചയിച്ച് ഉത്തരവിന് അനുമതിയായി.
പ്രത്യേക സംഘത്തിന് പ്രതിമാസം 41 ലക്ഷം രൂപ ചിലവ് വരുമെന്നാണ് കണക്ക്. ടീം ലീഡര്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ നാലു കണ്ടന്റ് മാനേജര്‍മാരുണ്ടാകും. ഇവര്‍ക്ക് 75,000 രൂപ വീതം പ്രതിമാസം ലഭിക്കും. ആറ് കണ്ടന്റ് ഡവലപ്പര്‍മാര്‍ക്ക് 25,000 രൂപ വീതമാണു ശമ്പളം. രണ്ടു ഡേറ്റാ അനലിസ്റ്റുകള്‍ക്ക് അര ലക്ഷം രൂപ വീതവും മൂന്നു കണ്ടന്റ് അസിസ്റ്റന്റുമാര്‍ക്ക് 25,000 രൂപ വീതവും പ്രതിഫലം തീരുമാനിച്ചിട്ടുണ്ട്.
കണ്ടന്റ് ഡവലപ്‌മെന്റ് വെണ്ടര്‍മാര്‍ക്ക് ആകെ മൂന്നു ലക്ഷം രൂപയും ഡേറ്റാ വെണ്ടര്‍മാര്‍ക്ക് രണ്ടു ലക്ഷം രൂപയും ക്യാംപെയ്ന്‍ വെണ്ടര്‍മാര്‍ക്ക് എട്ടു ലക്ഷം രൂപയും പ്രതിമാസം ചിലവഴിക്കും. സമൂഹ മാധ്യമങ്ങളില്‍ നിന്ന് എഴുത്തുകള്‍, ഓഡിയോ, വിഡിയോ തുടങ്ങിയ ഉള്ളടക്കങ്ങള്‍ ശേഖരിച്ചു മറിച്ചു വില്‍ക്കുന്ന കമ്പനികള്‍ക്കു 10 ലക്ഷം രൂപ നല്‍കി ഡേറ്റാബേസ് സ്വന്തമാക്കാനും തീരുമാനമുണ്ട്.