തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കാനുള്ള വിധിയില്‍ വ്യക്തത തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
സെന്‍കുമാര്‍ പൊലീസ് മേധാവി അല്ലായിരുന്നു. പൊലീസ് സേനയുടെ ചുമതലയുള്ള ഡിജിപി ആയിരുന്നു. എന്നാല്‍ ലോക്‌നാഥ് ബഹ്‌റയെ നിയമിച്ചത് പൊലീസ് മേധാവിയായാണ് എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് സര്‍ക്കാരിനുവേണ്ടി ഹര്‍ജി നല്‍കിയത്.
നിലവിലെ ഡി ജി പി ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ച സര്‍ക്കാര്‍ ഉത്തരവിലൂടെയാണ് സെന്‍കുമാറിനെ മാറ്റിയതും. സെന്‍കുമാറിനെ മാറ്റിയ ഉത്തരവ് അസാധുവാക്കിയ സുപ്രീംകോടതി ഉത്തരവില്‍ ബെഹ്‌റയുടെ നിയമനം സംബന്ധിച്ച് പരാമര്‍ശമില്ല. ഈ സാഹചര്യത്തിലാണ് ബെഹ്‌റയടക്കമുള്ളവരുടെ കാര്യത്തില്‍ തുടര്‍നടപടി എന്തുവേണമെന്ന് വ്യക്തതതേടി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ഉത്തരവ് നടപ്പാക്കാന്‍ വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കുകയാണ്.
ഉത്തരവ് നടപ്പാക്കാത്തത് കോടതിയലക്ഷ്യമാണെന്നാണ് ഹര്‍ജിയില്‍ സെന്‍കുമാര്‍ വാദിക്കുന്നത്. ഇക്കാരണത്താല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്നും നിയമന ഉത്തരവ് ഉടന്‍ പുറത്തിറക്കണമെന്നുമാണ് സെന്‍കുമാറിന്റെ ആവശ്യം. ഇതിനു പിന്നാലെയാണ് വിധിയില്‍ വ്യക്തത തേടിക്കൊണ്ടുള്ള സര്‍ക്കാരിന്റെ ഹര്‍ജി.
അതേസമയം, പൊലീസ് വകുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ച ചില രേഖകള്‍ അവര്‍ക്കു ചോര്‍ത്തി നല്‍കിയത് സെന്‍കുമാറാണെന്ന ആരോപണം ശക്തമാണ്. രേഖ ചോര്‍ത്തിയെന്ന ആരോപണം സെന്‍കുമാര്‍ നിഷേധിച്ചിട്ടുണ്ട്.