കേരളത്തിന്റെ വികസനത്തിന് 25 പദ്ധതികള്‍; വ്യക്തമാക്കി തോമസ് ഐസക്

thomas issac

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിനായി കേരളസര്‍ക്കാര്‍ ബജറ്റില്‍ അവതരിപ്പിച്ച 25 പദ്ധതികളെ കുറിച്ച് വ്യക്തമാക്കി ധനകാര്യമന്ത്രി തോമസ് ഐസക്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് 25 പദ്ധതികളെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരള വികസനത്തെ ആഴത്തില്‍ സ്വാധീനിക്കാനും ഭാവിയുടെ ദിശ നിശ്ചയിക്കാനും പ്രാപ്തമായ 25 പദ്ധതികള്‍ ബജറ്റില്‍ അവതരിപ്പിച്ചിരുന്നു. അവ ഓരോന്നായി ചര്‍ച്ച ചെയ്യാം.

വ്യവസായ പാര്‍ക്കുകളും കോര്‍പ്പറേറ്റ് നിക്ഷേപങ്ങളുമാണ് ഒന്നാമത്തെ പദ്ധതി.
കേരളത്തില്‍ സ്ഥാപിക്കപ്പെടുന്ന വ്യവസായപാര്‍ക്കുകളുടെ വലിപ്പത്തില്‍ വിസ്മയകരമായ കുതിച്ചുചാട്ടമാണ് സംഭവിക്കുന്നത്. അമ്പതുലക്ഷത്തോളം ചതുരശ്ര അടി ഐടി പാര്‍ക്കാണ് ആദ്യ മൂന്നു വര്‍ഷം ഈ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചത്. സ്മാര്‍ട് സിറ്റിയില്‍ നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഓഫീസ് സ്‌പേസ് ഉള്‍പ്പെടെ അടുത്ത രണ്ടു വര്‍ഷം കൊണ്ട് ഒരു കോടി പതിനാറു ലക്ഷം ചതുരശ്ര അടി സ്ഥലം കൂടി പുതുതായി സൃഷ്ടിക്കും. ഐടി പശ്ചാത്തലസൗകര്യ സൃഷ്ടിയുടെ വികസനം എല്‍ഡിഎഫ് മാനിഫെസ്റ്റോയിലെ വാഗ്ദാനത്തെ എത്രയോ കാതം മറികടക്കുകയാണ്.

കിഫ്ബിയില്‍ നിന്നു മാത്രം ഇപ്പോള്‍ 6700 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനും വ്യവസായ പാര്‍ക്കുകള്‍ക്കും വേണ്ടി 15600 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

വന്‍കിട പശ്ചാത്തലസൗകര്യ നിക്ഷേപവുമായി ബന്ധപ്പെടുത്തി പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടാകും. കുടിയൊഴിപ്പിക്കലുകള്‍ ഒഴിവാക്കി ക്ഷയിച്ച പ്ലാന്റേഷനുകളും തരിശുഭൂമികളും കേന്ദ്രീകരിച്ച്, ഭൂവുടമസ്ഥരുടെ സന്നദ്ധതയുടെ അടിസ്ഥാനത്തില്‍ ആകര്‍ഷകമായ ഭൂമി ഏറ്റെടുക്കല്‍ സ്‌കീമുകള്‍ക്കു രൂപം നല്‍കും.

കിഫ്ബി ധനസഹായത്തിനു പുറമെ ലാന്‍ഡ് ബോണ്ടുകള്‍, ലാന്‍ഡ് പൂളിംഗ് തുടങ്ങിയ നൂതനമായ ഉപാധികള്‍ ഉപയോഗപ്പെടുത്തും. .
കണ്ണൂര്‍ വിമാനത്താവളത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തി പ്രാന്തപ്രദേശങ്ങളില്‍ വ്യവസായ സമുച്ചയങ്ങളുടെ ഭീമന്‍ ശൃംഖല സൃഷ്ടിക്കും.

വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് പാരിപ്പള്ളി – വെങ്ങോട് – അരുവിക്കര – വിഴിഞ്ഞം റൂട്ടില്‍ ഔട്ടര്‍ റിംഗ് റോഡും അതോടുബന്ധപ്പെട്ട് ഗ്രോത്ത് കോറിഡോറും സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ 201920ല്‍ ആരംഭിക്കും. വ്യവസായ മേഖലകളുടെയും വൈജ്ഞാനിക ഹബുകളുടെയും പുതിയ ടൗണ്‍ഷിപ്പുകളുടെയും ഒരു ശൃംഖലയായിരിക്കുമത്.

കൊച്ചി റിഫൈനറിയുമായി ബന്ധപ്പെടുത്തി പെട്രോ കെമിക്കല്‍ പാര്‍ക്കിനായി 201920ല്‍ എഫ്എസിടിയുടെ 600 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. കൊച്ചി കോയമ്പത്തൂര്‍, വ്യവസായ ഇടനാഴിയാണ് മറ്റൊരു പ്രധാന പദ്ധതി. ജി.സി.ഡി.എ കിഴക്കന്‍ നഗരപ്രാന്ത പ്രദേശങ്ങളില്‍ അമരാവതി മാതൃകയില്‍ ടൗണ്‍ഷിപ്പുകളുടെ പുതിയൊരു ശ്രംഖലയ്ക്ക് രൂപരേഖ തയ്യാറാക്കുന്നുണ്ട്. അഴീക്കല്‍ പോര്‍ട്ടിനു സമീപം കോസ്റ്റ് ഗാര്‍ഡ് കേന്ദ്രത്തിന്റെ 150 ഏക്കര്‍ വ്യവസായ പാര്‍ക്കിനായി ഏറ്റെടുക്കും. വാര്‍ഷിക പദ്ധതിയില്‍ വ്യവസായ പാര്‍ക്കുകള്‍ക്കു വേണ്ടി 141 കോടി രൂപയുടെ വകയിരുത്തലുണ്ട്.

മേല്‍പറഞ്ഞ വ്യവസായ പാര്‍ക്കുകളിലേയ്ക്ക് കോര്‍പറേറ്റ് നിക്ഷേപം ആകര്‍ഷിക്കണം. ഇന്ത്യയിലെ കോര്‍പറേറ്റ് നിക്ഷേപം കേരളത്തില്‍ നിന്ന് വഴിമാറിയാണ് ഒഴുകുന്നത്. ആ സ്ഥിതിയ്ക്കു മാറ്റമുണ്ടാകുകയാണ്. പ്രമുഖ കോര്‍പറേറ്റുകള്‍ കേരളത്തില്‍ നിക്ഷേപിക്കാന്‍ തയ്യാറായി മുന്നോട്ടു വരുന്നുണ്ട്.

? നിസാന്‍ കമ്പനി ടെക്‌നോപാര്‍ക്കില്‍ ഇതിനകം 300 പേര്‍ക്ക് തൊഴില്‍ നല്‍കിക്കഴിഞ്ഞു. അവരുടെ വൈദ്യുതിവാഹനങ്ങളുടെ സിരാകേന്ദ്രം പൂര്‍ത്തിയാകുമ്പോള്‍ 2000 പേര്‍ക്കു പ്രത്യക്ഷ തൊഴില്‍ ലഭിക്കും.

? ടോറസ് ഇന്‍വെസ്റ്റ്‌മെന്റ് 57 ലക്ഷം ചതുരശ്ര അടി ടെക്‌നോപാര്‍ക്കില്‍ നിര്‍മ്മിക്കുന്നതിന് കരാര്‍ ഒപ്പിട്ടിട്ടുണ്ട്.

? എച്ച് ആര്‍ ബ്ലോക്ക് എന്ന ബഹുരാഷ്ട്ര കമ്പനി നാല്‍പതിനായിരം ചതുരശ്ര അടി സ്ഥലത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ഇപ്പോള്‍ അവര്‍ 550 പേര്‍ക്ക് തൊഴില്‍ നല്‍കിക്കഴിഞ്ഞു.

? സ്‌പേസ് ആന്‍ഡ് എയ്‌റോ സെന്റര്‍ ഓഫ് എക്‌സെലന്‍സ് നിര്‍മ്മിക്കാന്‍ പോകുന്ന രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്ഥാപനത്തില്‍ മൂവായിരം പേര്‍ക്കു തൊഴില്‍ ലഭിക്കും. ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി, എന്നിവയിലാണ് ഇവര്‍ കേന്ദ്രീകരിക്കുന്നത്.

? ടെക് മഹീന്ദ്ര 200 പേര്‍ക്കു തൊഴില്‍ നല്‍കാവുന്ന പന്തീരായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം എടുത്തിട്ടുണ്ട്.

? കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ ആറു കമ്പനികളിലായി 150 പേര്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ട്. ഈ പാര്‍ക്കു പൂര്‍ത്തിയാകുമ്പോള്‍ രണ്ടായിരം പേര്‍ക്ക് പ്രത്യക്ഷ തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

? ഏണസ്റ്റ് ആന്‍ഡ് യംങ് എന്ന പ്രമുഖ കണ്‍സള്‍ട്ടിംഗ് കമ്പനി മാനേജ്ഡ് സര്‍വീസ്സ് എന്ന രീതിയില്‍ എമെര്‍ജിംഗ് ടെക്‌നോളജിയില്‍ ഊന്നി ആയിരത്തതിലേറെ തൊഴില്‍ അവസരങ്ങള്‍ ലക്ഷ്യമിടുന്നു.

? ടെറാനെറ്റ് എന്ന കനേഡിയന്‍ കമ്പനിയും തിരുവനന്തപുരത്ത് വരുന്നതിന് ധാരണയായിട്ടുണ്ട്.

? എയര്‍ ബസ് കമ്പനിയുടെ ബിസ് ലാബ് എന്ന എയ്‌റോസ്‌പേസ് ഇന്‍ക്വിബേറ്റര്‍ തിരുവനന്തപുരത്ത് സ്ഥാപിക്കുന്നതിന് ധാരണാപത്രം ഒപ്പുവെച്ചു.

? ഇന്ത്യന്‍ വാര്‍ത്താ വിനിമയരംഗത്തെ പ്രമുഖരായ തേജസ്, ഓഗ്മെന്റഡ് റിയാലിറ്റി മേഖലയിലെ യൂണിറ്റി എന്ന സിംഗപ്പൂര്‍ കമ്പനി, കമ്പ്യൂട്ടര്‍ എയിഡഡ് എഞ്ചിനീയറിംഗ് മേഖലയിലെ ആള്‍ട്ടെയര്‍ എന്ന കമ്പനി എന്നിവ കൊച്ചിയിലാണ് വരുന്നത്.

? ഇന്റല്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ കെല്‍ട്രോണ്‍, കെ.എസ്.ഐ.ഡി.സി, യു.എസ്.ടി ഗ്ലോബല്‍, ആക്‌സലറോണ്‍ എന്നിവരടങ്ങുന്ന ഒരു സംയുക്ത സംരംഭം കോക്കോണിക്‌സ് എന്ന പേരില്‍ രൂപീകരിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ നിര്‍മ്മാണത്തിനുള്ള ഒരു ചലനോന്മുഖ മേഖലയായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം.

? ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടും കെഎസ്‌ഐഡിസിയും ചേര്‍ന്ന് മെഡിക്കല്‍ ഡിവൈസുകള്‍ ഉത്പാദിപ്പിക്കുന്നതിന് ലൈഫ് സയന്‍സ് പാര്‍ക്കില്‍ 230 കോടി രൂപയുടെ മെഡ്‌സ് പാര്‍ക്കിന്റെ നിര്‍മ്മാണം 201920ല്‍ ആരംഭിക്കും.

? ഫ്യുജിത്സു, ഹിറ്റാച്ചി തുടങ്ങിയ ഒട്ടേറെ കമ്പനികളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ഒരു ലക്ഷം പേരാണ് ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്തിരുന്നത്. ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ ഇവരുടെ എണ്ണം രണ്ടു ലക്ഷമായി ഉയരും.

Top