കേരളം സമ്പൂര്‍ണ ഡിജിറ്റലിലേക്ക് നീങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കറന്‍സിരഹിത പദ്ധതിക്കു പിന്നാലെയാണ് ഇങ്ങനൊരു നീക്കം. മുന്‍പേ തന്നെ ചെയ്യാന്‍ തീരുമാനിച്ച ചില പദ്ധതികള്‍ ഒന്നുകൂടി സജീവമാക്കാനാണ് സര്‍ക്കാറിന്റെ നീക്കം.
കേരളത്തിലെ വിവിധ വകുപ്പുകളിലൂടെ നടക്കുന്ന സേവനങ്ങളെല്ലാം ഒരുമിപ്പിച്ച് കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ബില്ലുകളും നികുതികളും ഫീസുകളും അടയ്ക്കാനും സര്‍ക്കാര്‍ സേവനങ്ങള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാനും ഈ ആപ്പിനു സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ഇതില്‍ ഇവോലറ്റ് സൗകര്യവുമുണ്ടായിരിക്കും.
ആദ്യഘട്ടത്തില്‍ 100 സേവനങ്ങള്‍ ആപ്പിലൂടെ നല്‍കാനാണു പദ്ധതി. കെഎസ്ഇബി, ജല അതോറിറ്റി, മോട്ടോര്‍ വാഹന വകുപ്പ്, രജിസ്‌ട്രേഷന്‍ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലേക്കുള്ള ബില്ലുകളും ഫീസുകളും ആപ്പിലൂടെ അടയ്ക്കാം എന്നും സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നു.
ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് തുടങ്ങിയ സൗകര്യങ്ങള്‍ ഉപയോഗിച്ചു പണം കൈമാറാനും സാധിക്കും. മാത്രമല്ല ഒരു നിശ്ചിത തുക ആപ്പില്‍ സൂക്ഷിച്ച് ആവശ്യമായ സാഹചര്യത്തില്‍ വേഗം ബില്ലുകള്‍ അടയ്ക്കാനാണ് ഇവോലറ്റ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഏറ്റവും പ്രചാരം നേടിയ പേടിഎം എന്ന ഇവോലറ്റില്‍പ്പോലും സംസ്ഥാന സര്‍ക്കാരിനു കീഴിലെ ഫീസുകളും നികുതികളും അടയ്ക്കാന്‍ നിലവില്‍ സൗകര്യമില്ല. വിവിധ വകുപ്പുകളുടെ വെബ്‌സൈറ്റില്‍ ഇപേയ്‌മെന്റ് അടക്കമുള്ള സൗകര്യങ്ങള്‍ നിലവിലുണ്ടെങ്കിലും ആദ്യമായാണ് എല്ലാ സേവനങ്ങളെയും കോര്‍ത്തിണക്കി ഒരു സമഗ്ര മൊബൈല്‍ ആപ്ലിക്കേഷന്‍ വരുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇ -ഗവേണന്‍സ് നോഡല്‍ ഏജന്‍സിയായ ഐടി മിഷനാണ് ആപ്പ് തയാറാക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കേരളത്തിലെ കേന്ദ്ര ഏജന്‍സികള്‍ എന്നിവ നല്‍കുന്ന സേവനങ്ങളെല്ലാം ആപ്പിലും ലഭിക്കും.
കേരളത്തെക്കുറിച്ചുള്ള പൊതുവിവരങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്. ആപ്പിനായി നല്ലൊരു പേരും ലോഗോയും നിര്‍ദേശിക്കുന്നവര്‍ക്ക് 15,000 രൂപ സമ്മാനമായി സര്‍ക്കാര്‍ നല്‍കും.