തിരുവനന്തപുരം: വനിതാ മതില്‍ വിഷയത്തില്‍ സര്‍ക്കാര്‍ വാദം പൊളിയുന്നു. സത്യവാങ്മൂലം തെറ്റിദ്ധാരണ പരത്തിയെന്ന വാദമാണ് പൊളിയുന്നത്.
കോടതിയ്ക്ക് ബോധ്യമായത് വനിതാ മതിലിന് ഖജനാവില്‍ നിന്ന് തന്നെ ഫണ്ട് ചിലവഴിക്കുമെന്നാണ്. ഇത് സംബന്ധിച്ച കോടതി ഉത്തരവിന്റെ പകര്‍പ്പ് പുറത്തായി. നയപരമായ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്നും കോടതി അറിയിച്ചു.
അതേസമയം, വനിതാ മതിലില്‍ മത ന്യൂനപക്ഷങ്ങളെയും കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെയും മതമേലധ്യക്ഷന്മാരുടേയും പിന്തുണ തേടാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.
വനിതാ മതില്‍ വര്‍ഗീയ മതിലാണെന്നും, ഒരു മത വിഭാഗത്തെ മാത്രം ഉള്‍പ്പെടുത്തി പരിപാടി സംഘടിപ്പിക്കുന്നതു നാടിനെ വിഭജിക്കാനെന്നും പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു.
ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതില്‍ വര്‍ഗീയ മതിലാണെന്നും മതേതര വാദികളായ ആരും മതിലില്‍ പങ്കെടുക്കില്ല എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.