കേരള സർക്കാരിന്റെ ഡൽഹി സമരത്തിലേക്ക് എം.കെ.സ്റ്റാലിനും ക്ഷണം; പി.രാജീവ് കൈമാറി

തിരുവനന്തപുരം : കേരളത്തോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും ഫെബ്രുവരി 8ന് ഡൽഹി ജന്തർ മന്തറിൽ നടത്തുന്ന പ്രതിഷേധ സമരത്തിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ക്ഷണം. മുഖ്യമന്ത്രിയുടെ ക്ഷണം ചെന്നൈയിലെത്തി സ്റ്റാലിനു കൈമാറിയതായി മന്ത്രി പി.രാജീവ് അറിയിച്ചു. ഇതിന്റെ ചിത്രവും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ചു. സമരത്തിൽ യുഡിഎഫ് പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.

മന്ത്രിയുടെ കുറിപ്പ്

കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്ക്കും പ്രതികാര നടപടികൾക്കുമെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിൽനിന്നുള്ള മന്ത്രിമാരും ജനപ്രതിനിധികളും ഡൽഹിയിൽ ഫെബ്രുവരി 8ന് നടത്തുന്ന ജനകീയ പ്രതിരോധത്തിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ ഔദ്യോഗികമായി ക്ഷണിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണപ്പത്രം ഇന്ന് ചെന്നൈയിലെത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനു കൈമാറി.

ധനപരമായി സംസ്ഥാനങ്ങളെ ഞെരുക്കുന്ന കേന്ദ്ര സർക്കാരിന്റെ നയത്തെ യോജിച്ച് എതിർക്കേണ്ടതാണെന്നു കൂടിക്കാഴ്ചക്കിടെ സ്റ്റാലിൻ പറഞ്ഞു. കേരളം ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയുടെ വിശദാംശങ്ങൾ സ്റ്റാലിനെ അറിയിച്ചു.

സംസ്ഥാനത്തിന് ന്യായമായും കിട്ടേണ്ട വിഹിതം തടഞ്ഞുവയ്ക്കുകയാണ് കേന്ദ്ര സർക്കാർ. പദ്ധതി വിഹിതവും നികുതി വിഹിതവും റവന്യൂ കമ്മി കുറക്കുന്നതിനുള്ള സഹായവും ജിഎസ്ടി നഷ്ടപരിഹാരമുൾപ്പെടെയുള്ള വിഷയങ്ങളിലെല്ലാം നിഷേധാത്മക സമീപനമാണ് മോദി സർക്കാർ സ്വീകരിക്കുന്നത്. ഒപ്പം വായ്പ്പയെടുക്കാനുള്ള അവകാശവും നിഷേധിക്കുന്നു.

കേരളത്തിനു പുറമേ ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളോടും വിവേചന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഈ ഘട്ടത്തിൽ കേരളത്തിന്റെ പ്രതിഷേധത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയായ എം.കെ.സ്റ്റാലിൻ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നുണ്ട്. തമിഴ്നാട് ധനമന്ത്രി തങ്കം തെന്നരസ്, തമിഴ്നാട് ചീഫ് സെക്രട്ടറി ശിവദാസ് മീണ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഡൽഹിയിലെ കേരള ഹൗസിൽനിന്ന് ഫെബ്രുവരി 8ന് രാവിലെ 11 മണിക്ക് പ്രതിഷേധ ജാഥ ആയിട്ടാണ് ജനപ്രതിനിധികൾ ജന്തർ മന്തറിലേക്കു തിരിക്കുക. മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരും എംഎൽഎമാരും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

Top