മരട് വിഷയം; സര്‍ക്കാര്‍ നിയോഗിച്ച നഗരസഭാ സെക്രട്ടറിയ്‌ക്കെതിരെ ഭരണസമിതിയുടെ പരാതി

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച നഗരസഭാ സെക്രട്ടറിയായ സബ്കളക്ടര്‍ സ്‌നേഹില്‍ കുമാറിനെതിരെ പരാതിയുമായി ഭരണസമിതി.

ഫ്‌ളാറ്റ് പൊളിക്കല്‍ നടപടികള്‍ സ്‌നേഹില്‍ കുമാര്‍ ഭരണസമിതിയെ അറിയിക്കുന്നില്ലെന്നും നഗരസഭയുടെ ദൈനംദിന കാര്യങ്ങളില്‍ അദ്ദേഹം ഇടപെടുന്നില്ലെന്നും കാണിച്ചാണ് ഭരണ സമിതി അംഗങ്ങള്‍ സര്‍ക്കാരിന് പരാതി നല്‍കിയിരിക്കുന്നത്.

സ്‌നേഹില്‍ കുമാര്‍ ഫയലുകളില്‍ ഒപ്പിടുന്നില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നഗരസഭയില്‍ ഭരണ സ്തംഭനമാണെന്ന് കാണിച്ചാണ് കത്ത് നല്‍കിയത്. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് നഗരസഭാ കൗണ്‍സില്‍ ഇന്ന് യോഗം ചേരും.

കഴിഞ്ഞ ബുധനാഴ്ചയാണ് സ്‌നേഹില്‍ കുമാര്‍ മരട് നഗരസഭ സെക്രട്ടറിയുടെ അധിക ചുമതല ഏറ്റെടുത്തത്.

Top