തിരുവനന്തപുരം: സംസ്ഥാന പാതകളെ ജില്ലാ പാതകളാക്കി വിജ്ഞാപനം ചെയ്യാനുള്ള ആലോചനകളില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറി. നിയമവകുപ്പിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണു നടപടി. ദേശീയ, സംസ്ഥാന പാതകള്‍ക്കരികിലെ മദ്യശാലകള്‍ തുറക്കാന്‍ പാടില്ലെന്ന സുപ്രീംകോടതി വിധി മറികടക്കാനാണ് ഇത്തരം നടപടിക്ക് സംസ്ഥാനം ഒരുങ്ങിയത്.
സുപ്രീംകോടതി വിധി മറികടക്കാന്‍ ചില സംസ്ഥാനങ്ങള്‍ സംസ്ഥാന പാതകളെ ജില്ലാ പാതകളാക്കി വിജ്ഞാപനം ചെയ്തതിനെത്തുടര്‍ന്നാണു സംസ്ഥാന സര്‍ക്കാര്‍ നിയമവകുപ്പിന്റെ അഭിപ്രായം തേടിയത്. സംസ്ഥാന പാതകളെ ജില്ലാ പാതകളാക്കാന്‍ നിയമഭേദഗതി വേണമെന്നും ഇതു ഭാവിയില്‍ തിരിച്ചടിയായേക്കാമെന്നുമായിരുന്നു നിയമോപദേശം.
ബവ്‌റിജസ് ഔട്ട്‌ലറ്റുകള്‍ക്കെതിരെ പലയിടത്തും ജനകീയ പ്രതിഷേധമുണ്ടാകുന്ന സാഹചര്യത്തില്‍ മദ്യശാലകള്‍ക്ക് അനുകൂലമായ തീരുമാനം കൂടുതല്‍ തിരിച്ചടിയാകുമെന്നതും സര്‍ക്കാര്‍ കണക്കിലെടുത്തു.
‘സംസ്ഥാന പാതകളെ ജില്ലാ പാതകളാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നില്ല. സര്‍ക്കാരിനു മുന്നില്‍ ഇതു പരിഗണനാ വിഷയമല്ല’ നിയമവകുപ്പ് അധികൃതര്‍ മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു.
കള്ളുഷാപ്പ് ഉള്‍പ്പെടെ 1,066 മദ്യശാലകളാണു ദേശീയ, സംസ്ഥാന പാതയോരത്തുണ്ടായിരുന്നത്. 31 പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ 11 എണ്ണവും 815 ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ 619, 270 ബവ്‌റിജസ് ഔട്ട്‌ലറ്റുകളില്‍ 134, 36 കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലറ്റുകളില്‍ 18 എന്നിവ സുപ്രീംകോടതി വിധി വന്നതിനു പിറ്റേദിവസം അടച്ചുപൂട്ടിയിരുന്നു. ഇതില്‍ ചിലതു ഹൈക്കോടതി വിധിയെത്തുടര്‍ന്നു തുറന്നു. ചിലതു ജനകീയ പ്രതിഷേധത്തെത്തുടര്‍ന്നു തുറക്കാനാവസ്ഥ അവസ്ഥയിലാണ്.