സിൽവർ ലൈൻ അറിയേണ്ടതെല്ലാം; കൈപ്പുസ്തകമിറക്കാൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സിൽവർ ലൈൻ അറിയേണ്ടതെല്ലാം എന്ന പേരിൽ കൈപ്പുസ്തകമിറക്കാൻ സംസ്ഥാന സർക്കാർ. അഞ്ച് ലക്ഷം കൈപ്പുസ്തകങ്ങൾ അച്ചടിക്കാൻ അനുമതി നൽകി. അച്ചടിക്കൂലി, പേപ്പർ വില എന്നിവയ്ക്കായി 7.5 ലക്ഷം രൂപ അനുവദിച്ച് ഉത്തവിറങ്ങി. നേരത്തെ 50 ലക്ഷം കൈപ്പുസ്തകങ്ങൾ അച്ചടിക്കാൻ നാലരകോടി രൂപ അനുവദിച്ചിരുന്നു.

അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സിൽവർലൈൻ എൽഡിഎഫിനറെ മുഖ്യവിഷയമാണെങ്കിലും പ്രതിഷേധം ഭയന്ന് സംസ്ഥാനത്താകെ കല്ലിടലിന് അവധി നൽകിയിരിക്കുകയാണ് സർക്കാർ. തെരഞ്ഞെടുപ്പ് കാലത്ത് പെട്രോൾ വില കൂട്ടാത്ത മോദിയെ പോലെയാണ് മഞ്ഞക്കുറ്റി നിർത്തിവെച്ച പിണറായിയെന്നാണ് പ്രതിപക്ഷനേതാവിനറെ പരിഹാസം.

അതിവേഗപാതയുടെ പോസ്റ്റർ നിറച്ച് വികസനമാണ് തൃക്കാക്കരയിലെ ഇടതിൻറെ പ്രധാന പ്രചാരണ വിഷയം. എന്നാൽ തൃക്കാക്കര തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത് മുതൽ മഞ്ഞക്കുറ്റികൾ കാണാനേ ഇല്ല. എറണാകുളത്തെന്നല്ല, സംസ്ഥാനത്തൊരിടത്തും. സിൽവർലൈനിൽ പിന്നോട്ട് പോയില്ലെങ്കിലും ഇപ്പോൾ കുറ്റിയിട്ടാൽ ജനരോഷം ഉയർന്നാൽ തൃക്കാക്കരയിൽ തിരിച്ചടിക്കാനിടയുണ്ടെന്നാണ് ഇടത് മുന്നണി വിലയിരുത്തൽ. അതാണ് സിൽവർ ലൈൻ പ്രധാന വിഷയമായി ഉയർത്തിക്കാട്ടുമ്പോഴും കുറ്റിയിടലിനുള്ള അപ്രഖ്യാപിത അവധിക്ക് കാരണം.

 

 

 

Top