സര്‍ക്കാര്‍ നടത്തിയത് വന്‍ അഴിമതി; സ്പ്രിംഗ്‌ളര്‍ വിഷയത്തില്‍ അന്വേഷണം വേണം

തിരുവനന്തപുരം: കൊവിഡ് ഭീഷണിക്കിടെ ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ട് അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ളറിന് രോഗികളുടെ വിവരങ്ങള്‍ കൈമാറ്റം ചെയ്തതിലൂടെ സര്‍ക്കാര്‍ നടത്തിയത് വന്‍ അഴിമതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആരോഗ്യരംഗത്തെ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറ്റം ചെയ്യരുതെന്ന് വ്യക്തമായ നിയമമുണ്ടായിരിക്കെ വിദേശ കമ്പനിക്ക് ഡാറ്റാ കൈമാറിയതിനെ കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

അമേരിക്കയില്‍ ഡാറ്റാ വിവാദത്തില്‍പെടുകയും കേസിലാകുകയും ചെയ്ത കമ്പനിയാണ് സ്പ്രിംഗ്ളര്‍. സംശയത്തിന്റെ നിഴലിലുള്ള ഒരു കമ്പനിയെ ഇത്തരം കാര്യങ്ങള്‍ ഏല്‍പ്പിച്ചതില്‍ ദുരൂഹതയുണ്ട്. സര്‍ക്കാരിനു കീഴില്‍ രോഗികളെ കുറിച്ചുളള വിവരങ്ങള്‍ സൂക്ഷിക്കാന്‍ സംവിധാനമുണ്ട്. ആ സാഹചര്യത്തിലാണ് വഴിവിട്ട ഈ ഇടപാട്.

മരുന്നു കമ്പനികള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഡാറ്റാ കൈമാറ്റം ചെയ്യപ്പെടാനുള്ള സാഹചര്യമുണ്ട്. രോഗികളുടെ വിവരങ്ങള്‍ ശേഖരിച്ച് വില്‍പന നടത്തുന്നതിലൂടെ വന്‍ സാമ്പത്തിക നേട്ടം വിദേശ കമ്പനിക്ക് ഉണ്ടാകാം. അഴിമതി വ്യക്തമായിട്ടും വളരെ ലാഘവത്തോടെയാണ് മുഖ്യമന്ത്രി ഇതിനെ കാണുന്നത്. വ്യക്തമായ മറുപടി പോലും നല്‍കാന്‍ അദ്ദേഹം തയ്യാറായിട്ടില്ലെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

കമ്പനിയുടെ വെബ് സൈറ്റിലേക്ക് ഇനി വിവരങ്ങള്‍ നല്‍കേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതിനര്‍ത്ഥം ഇതിനോടകം വിവരങ്ങളെല്ലാം കമ്പനിയുടെ കൈകളിലെത്തിക്കഴിഞ്ഞു എന്നതാണ്. ഗുരുതരമായ ഈ ഇടപാടിനു പിന്നിലുള്ള ഉദ്ദേശ്യത്തെക്കുറിച്ചും പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചും ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top