തിരുവനന്തപുരം: ഒന്നിന് പുറകെ ഒന്നായി വിവാദങ്ങള്‍ പുകയുമ്പോഴും കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഹെലികോപ്റ്റര്‍ വാടകക്കെടുക്കാനുള്ള തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി പവന്‍ ഹന്‍സ് എന്ന കമ്പനിക്ക് ഒന്നേ മുക്കാല്‍ കോടി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഉയര്‍ന്ന തുകക്ക് ഹെലികോപ്റ്റര്‍ വാടകക്കെടുന്നുവെന്ന വിവാദങ്ങള്‍ വകവയ്ക്കാതെയാണ് സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടക കരാറുമായി മുന്നോട്ട് പോകുന്നത്.
20 മണിക്കൂര്‍ പറക്കാന്‍ ഒരു കോടി 44 ലക്ഷം രൂപ വേണമെന്നായിരുന്നു ഡല്‍ഹി ആസ്ഥാനമായ പവന്‍ ഹന്‍സിന്റെ ആവശ്യം. ഇതിലും കുറഞ്ഞ വാടകയുമായി സര്‍ക്കാരിനെ സമീപിച്ച കമ്പനികളെ തള്ളിയാണ് സര്‍ക്കാര്‍ പവന്‍ ഹന്‍സുമായി കരാര്‍ ഒപ്പിടാന്‍ തീരുമാനിച്ചത്. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയും, ഹെലികോപ്റ്ററിനായി പൊലീസിന് പ്രത്യേകം പണം മാറ്റി വയ്ക്കാത്തതും ധനവകുപ്പ് ചൂണ്ടികാട്ടിയതോടെ കരാര്‍ ഒപ്പിടല്‍ അനിശ്ചിത്വത്തിലായി.
ഒരു മാസത്തെ വാടകയെങ്കിലും മുന്‍കൂര്‍ നല്‍കണമെന്നായിരുന്നു പവന്‍ ഹന്‍സിന്റെ ആവശ്യം. ഇതേ തുടര്‍ന്നാണ് ബജറ്റില്‍ പൊലീസിന് അനുവദിച്ച തുകയില്‍ നിന്നും 1,70,63000 രൂപ ധനവകുപ്പ് അനുവദിച്ച് ഉത്തരവിറക്കിയത്. പിന്നാലെ കരാര്‍ ഒപ്പിടാനാണ് തീരുമാനം.