തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡുകള്‍ വിഭജിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നതായി വിവരം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ഇനി വാര്‍ഡ് വിഭജനം സാധ്യമല്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതോടെ മുനിസിപ്പാലിറ്റി നിയമത്തില്‍ വരുത്തിയ ഭേദഗതി പിന്‍വലിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും.
നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം പരിഗണിച്ചേക്കും. തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ തന്നെ നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. നിലവിലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തുടങ്ങണം. വാര്‍ഡ് വിഭജനം ഇനി സാധ്യമല്ലെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു. നിയമം മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും സി പി എം ആവശ്യപ്പെട്ടു.
തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിന് സംസ്ഥാന സര്‍ക്കാര്‍ ആദ്യം ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നുവെങ്കിലും ഗവര്‍ണര്‍ ഇതില്‍ ഒപ്പിട്ടില്ല. ഇതേ തുടര്‍ന്ന് ഇത് മുനിസിപ്പാലിറ്റി നിയമ ഭേദഗതി ബില്ലായി നിയമസഭയില്‍ അവതരിപ്പിച്ച് സര്‍ക്കാര്‍ പാസാക്കി. ഇതില്‍ ഗവര്‍ണര്‍ ഒപ്പുവച്ചതോടെ നിയമഭേദഗതി നിലവില്‍ വന്നിരുന്നു. വാര്‍ഡുകള്‍ വിഭജിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടക്കം മുതല്‍ പ്രതിപക്ഷ കക്ഷികള്‍ എതിര്‍ത്തിരുന്നു. ആദ്യം പാസാക്കിയ ഓര്‍ഡിനന്‍സിനെതിരെ ഗവര്‍ണറെ കണ്ട് പ്രതിപക്ഷം ഇതില്‍ ഒപ്പുവയ്ക്കരുത് എന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ബില്ല് പാസാക്കിയ ഘട്ടത്തിലും പ്രതിപക്ഷം എതിര്‍പ്പുന്നയിച്ചു.