ശബരിമല, അന്തിമവിധിവരെ യുവതീപ്രവേശം തടഞ്ഞേക്കും ; നിയമോപദേശം തേടി സര്‍ക്കാര്‍

തിരുവനന്തപുരം : ശബരിമല വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉടന്‍ നിയമോപദേശം തേടും. എജിയോടോ സുപ്രീംകോടതിയിലെ വിവിധ അഭിഭാഷകരോടോ നിയമോപദേശം തേടാനാണ് ആലോചിക്കുന്നത്.

വിധിയില്‍ വ്യക്തത വരുന്നത് വരെ ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സംരക്ഷണം ഒരുക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. യുവതികള്‍ എത്തിയാല്‍ സംരക്ഷണം നല്‍കില്ലെന്ന് നിയമമന്ത്രി വ്യക്തമാക്കിയിരുന്നു. നിയമപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് യുവതികളെ തിരിച്ചയക്കാനാണ് സാധ്യത.

യുവതിപ്രവേശത്തിന്‍ മേലുള്ള പുനപരിശോധന ഹര്‍ജിയില്‍ തീരുമാനമെടുക്കാതെയും വിധി സ്റ്റേ ചെയ്യാതെയും വിശാല ബെഞ്ചിലേക്ക് വിഷയം പോയതോടെയാണ് സര്‍ക്കാരിന് ആശയകുഴപ്പമുണ്ടായത്. വിധിയെപ്പറ്റി ആലോചിച്ച് മാത്രം പ്രതികരിച്ച മുഖ്യമന്ത്രി നിയമോപദേശം ലഭിക്കട്ടെ എന്ന സമീപനമാണ് എടുത്തിരിക്കുന്നത്.

യുവതീപ്രവേശനത്തിൽ തൽക്കാലം പിന്നോട്ട് പോകുകയാണെങ്കിലും സ്റ്റേ ചെയ്യാത്ത വിധി നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യമാകുമോ എന്ന പ്രശ്നം സർക്കാറിന് മുന്നിലുണ്ട്. പക്ഷേ വിശാല ബെഞ്ച് ഹർജികൾ പരിശോധിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങളിലെല്ലാം നിയമവിദഗ്ധരുടെ ഉപദേശം തേടിയാകും സർക്കാറിൻറെ തുടർനിലപാട്.

ദര്‍ശനം നടത്തേണ്ടവര്‍ക്ക് കോടതിയെ സമീപിക്കാമെന്നുള്ള സമീപനവും സര്‍ക്കാര്‍ സ്വീകരിച്ചേക്കും. വിധിയില്‍ വ്യക്തത തേടി ആരെങ്കിലും സുപ്രീംകോടതിയെ തന്നെ സമീപിക്കാനുള്ള സാധ്യതയും സര്‍ക്കാര്‍ കാണുന്നുണ്ട്. പുതിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍ായി എന്‍ വാസു ഇന്ന് ചുമതലേല്‍ക്കാനിരിക്കെ അവരുടെ നിലപാടും സര്‍ക്കാര്‍ പരിഗണിക്കും.

Top