നിയമപരമായ കാര്യങ്ങള്‍ അറിയിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്; വിട്ടുവീഴ്ചക്കില്ലാതെ ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പൗരത്വ നിയമത്തിനെതിരായി സ്വീകരിക്കുന്ന നിലപാടുകളെ വീണ്ടും പരസ്യമായി എതിര്‍ത്ത് ഗവര്‍ണര്‍. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ആഴ്ചകളായി തുടരുന്ന അഭിപ്രായവ്യത്യാസത്തില്‍ ഇനിയും സമവായമായിട്ടില്ല. ഇപ്പോഴും ഒരു വിട്ടുവീഴ്ചയ്ക്കും ഗവര്‍ണര്‍ തയ്യാറാകുന്നില്ല. ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവന്‍ ഗവര്‍ണര്‍ തന്നെയാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ആവര്‍ത്തിച്ചു. അതുകൊണ്ടു തന്നെ നയപരവും നിയമപരവുമായ കാര്യങ്ങള്‍ ഔദ്യോഗികമായി ഗവര്‍ണറെ അറിയിക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിന് ഉണ്ടെന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ വിശീകരിക്കുന്നത്.

ഏതെങ്കിലും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് എതിര്‍പ്പുണ്ടെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാനും സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്യാനുമുള്ള അധികാരമുണ്ട്. താന്‍ ഒരിക്കലും ആ അധികാരത്തെ ചോദ്യം ചെയ്തിട്ടില്ല എന്നും ഗവര്‍ണര്‍ പറഞ്ഞു. പക്ഷെ ഭരണഘടനാ തലവനെന്ന നിലയില്‍ അറിയിക്കേണ്ട ബാധ്യതയും സംസ്ഥാന സര്‍ക്കാരിന് ഉണ്ട്. സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം ഗവര്‍ണര്‍ അറിയേണ്ടത് മാധ്യമങ്ങളിലൂടെ അല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു.

തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സിലടക്കം വലിയ അഭിപ്രായ ഭിന്നതയാണ് സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ളത്. തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ ഒപ്പുവക്കുകയോ തിരിച്ചയക്കുകയോ ചെയ്യാത്ത ഗവര്‍ണറുടെ നടപടിയെ അപ്പാടെ അംഗീകരിക്കുന്ന പ്രതിപക്ഷം പക്ഷെ പൗരത്വ നിയമ ഭേദഗതിയെ അനുകൂടിക്കുന്ന ഗവര്‍ണറുടെ നിലപാടിനെതിരെ കടുത്ത വിമര്‍ശനവും ഉന്നയിക്കുന്നുണ്ട്.

Top