ഓഖി ദുരിത ബാധിതര്‍ക്ക് ഒരു മാസത്തെ ശമ്പളം നല്‍കി ഗവര്‍ണറും രാജ് ഭവന്‍ ജീവനക്കാരും

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായി ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുമെന്ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം.

രാജ് ഭവനിലെ ജീവനക്കാരും അവരുടെ ഒരു ദിവസത്തെ ശമ്പളം ഇതിനായി വിനിയോഗിക്കും.

സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കുന്ന ഓഖി ദുരിതാശ്വാസ ഫണ്ടിലേക്കാണ് ഈ ശമ്പളം സംഭാവനയായി നല്‍കുക.

ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേരത്തെ തീരുമാനിച്ചിരുന്നു.

ഇതിനു പുറമെ സ്റ്റാഫ് അംഗങ്ങളുടെ ഒരു ദിവസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കുമെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ ഓഫിസ് അറിയിച്ചത്.

കേരള കോ-ഓപറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപയുടെ ചെക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.

ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്‍ 8,15,750 രൂപയുടെ ചെക്കും, കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ അഞ്ചു ലക്ഷം രൂപയുടെ ചെക്കും മുഖ്യമന്ത്രിക്ക് കൈമാറി. കേരള വനിതാ കമ്മിഷന്‍ 47,600 രൂപ മുഖ്യമന്ത്രിക്ക് കൈമാറി.

Top