തിരുവനന്തപുരം: വിസി നിയമനത്തിനുള്ള സേർച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ പ്രമേയം പാസാക്കിയത് നല്ല കാര്യമെന്ന് പരിഹസിച്ച് ഗവർണർ. കേരള സർവകലാശാലയ്ക്ക് പ്രമേയം പാസാക്കാനുള്ള അവകാശമുണ്ട്. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. സർവകലാശാല പ്രതിനിധിയെ ഉൾപ്പെടുത്തിയില്ല എന്നതുകൊണ്ട് നടപടികൾ നിർത്തിവയ്ക്കാൻ ആകില്ല. അതെൻറെ ചുമതലയാണെന്നും എപ്പോൾ വേണമെങ്കിലും സർവകലാശാല പ്രതിനിധിക്ക് നടപടിക്രമങ്ങളുടെ ഭാഗമാകാമെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.
ഗവർണറുടെ നടപടി ഏകപക്ഷീയവും നിയമ വിരുദ്ധവുമാണെന്നും കമ്മിറ്റിയെ പിൻവലിക്കണമെന്നുമാണ് കേരള സർവകലാശാല പ്രമേയത്തിൽ ആവശ്യപ്പെടുന്നത്. വിസിയെ തെരഞ്ഞെടുക്കാൻ ഗവർണർ ധൃതിപിടിച്ച് സെർച്ച് കമ്മിറ്റിയുണ്ടാക്കിയെന്നാണ് സെനറ്റിലെ വിമർശനം. കമ്മറ്റി റദ്ദാക്കണമെന്ന് ചാൻസിലറോട് ആവശ്യപ്പെട്ടുള്ള പ്രമേയമാണ് പാസാക്കിയത്. സിപിഎം അംഗം ബാബുജാനാണ് ഗവർണർക്കെതിരായ പ്രമേയം അവതരിപ്പിച്ചത്. സർവകലാശാല ചട്ടം 10-1 പ്രകാരം സെർച്ച് കമ്മിറ്റി നിയോഗിച്ച വിധം നിയമ വിരുദ്ധമാണെന്നാണ് കുറ്റപ്പെടുത്തൽ. യോഗത്തിൽ മൗനം പാലിച്ച വി സി വിപി മഹാദേവൻ പിള്ളയുടെ പിന്തുണയോടെയാണ് പ്രമേയം അവതരിപ്പച്ചത്. യുഡിഎഫ് പ്രതിനിധികൾ പ്രമേയത്തെ അനുകൂലിച്ചില്ല. ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയിൽ സർവകലാശാല പ്രതിനിധിയെ നിയോഗിക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടത്.