തിരുവനന്തപുരം: ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് 5% പലിശയില്‍ 1 കോടി രൂപ വരെ വായ്പ നല്‍കുന്ന പുതിയ സര്‍ക്കാര്‍ പദ്ധതിയുമായി സര്‍ക്കാര്‍. ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെഎഫ്‌സി) വഴിയാണ് പദ്ധതി അവതരിപ്പിക്കുന്നത്.
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയെ പുനരാവിഷ്‌കരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നിലവില്‍ 7% പലിശയില്‍ 50 ലക്ഷം രൂപ വരെയാണ് പദ്ധതിയില്‍ ലഭ്യമാവുന്നത്. ഇത് ഒരു കോടി രൂപ വരെ 5% പലിശ നിരക്കില്‍ നല്‍കുന്ന രീതിയിലാണ് പദ്ധതിയെ മാറ്റുക. ഒരു വര്‍ഷം 500 സംരംഭം എന്ന കണക്കില്‍ 5 വര്‍ഷം കൊണ്ട് 2,500 വ്യവസായ സ്ഥാപനങ്ങളാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഓരോ വര്‍ഷവും കെഎഫ്സി 300 കോടി രൂപയാണ് നീക്കി വയ്ക്കുക. പദ്ധതിയില്‍ 3% സബ്സ്സിഡി കേരള സര്‍ക്കാരും, 2% സബ്സ്സിഡി കെഎഫ്സിയും നല്‍കും.
വ്യവസായ യൂണിറ്റുകള്‍ക്ക് എംഎസ്എംഇ റജിസ്‌ട്രേഷന്‍ ഉണ്ടാവണം. മുഖ്യ സംരംഭകന്റെ പ്രായം 50 വയസ്സില്‍ താഴെ ആയിരിക്കണം. പട്ടികജാതി പട്ടികവര്‍ഗ്ഗ സംരംഭകര്‍ക്കും, വനിതാ സംരംഭകര്‍ക്കും പ്രവാസി സംരംഭകര്‍ക്കും പ്രായപരിധി 55 വയസ്സുവരെയാണ്. പുതിയ സംരംഭം തുടങ്ങാനും നിലവിലെ സംരംഭങ്ങള്‍ ആധുനികവത്കരിക്കാനും വായ്പ ലഭിക്കും. പദ്ധതി ചിലവിന്റെ 90% വരെയാണ് വായ്പ. പുതിയ പദ്ധതികള്‍ക്ക് ഒരു കോടിക്ക് മുകളിലും വായ്പ ലഭിക്കും. ഇത്തരം സാഹചര്യങ്ങളില്‍, ഒരു കോടി രൂപ വരെ ഉള്ള വായ്പകള്‍ 5 ശതമാനം നിരക്കിലും ബാക്കി തുക കെഎഫ്സിയുടെ സാധാരണ പലിശ നിരക്കില്‍ ഉള്‍പ്പെടുത്തിയായിരിക്കും അനുവദിക്കുക
10 വര്‍ഷം വരെ തിരിച്ചടവ് കാലാവധി ഉണ്ടാകും. എങ്കിലും പലിശ ഇളവ് 5 വര്‍ഷത്തേക്കായിരിക്കും. തിരഞ്ഞെടുത്ത സംരംഭകര്‍ക്കായി കെഎഫ്സി പ്രത്യേക പരിശീലനവും തുടര്‍ സേവനങ്ങളും ലഭ്യമാക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഈ പദ്ധതിയില്‍ പ്രയോജനം ലഭിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കു 1 കോടി രൂപവരെയുള്ള വായ്പ 5.6% നിരക്കില്‍ ഈ പദ്ധതി മുഖേന ലഭ്യമാക്കുന്നതാണ്.