തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ അഴിമതി വിരുദ്ധ നിലപാടിന് കരിനിഴല്‍! ജേക്കബ് തോമസിനെ പോലെ സത്യസന്ധനായ ഒരു ഐ.പി.എസ് ഓഫീസറെ വിജിലന്‍സിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ച് നേടിയ സര്‍ക്കാരിന്റെ തിളക്കം ഒറ്റയടിക്ക് കളയുന്നതായി ഇപ്പോഴത്തെ പൊലീസിലെ അഴിച്ചുപണി.
കോപ്പിയടി കേസിലും ഫോണ്‍രേഖ ചോര്‍ത്തിയ കേസിലും ആരോപണ വിധേയരായവരെയും വിജിലന്‍സ് കേസില്‍ പ്രതിയായവരെയുമൊക്കെ തന്ത്രപ്രധാനമായ തസ്തികകളില്‍ പ്രതിഷ്ഠിക്കുകവഴി സര്‍ക്കാരിന്റെ ഉദ്ദ്യേശശുദ്ധി തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ഹേമചന്ദ്രനെപ്പോലെ സംസ്ഥാന പൊലീസില്‍ മികച്ച പ്രതിച്ഛായയുള്ള ഉദ്യോഗസ്ഥനിരുന്ന ഇന്റലിജന്‍സ് മേധാവി സ്ഥാനത്തെ നിയമനത്തിലും സര്‍ക്കാരിന് തെറ്റുപറ്റി.
പൊലീസ് ആസ്ഥാനത്തേക്ക് നിയമിതനായ ഐ.ജി ടി.ജെ ജോസ് കോപ്പിയടി വിവാദത്തിലും സോളാര്‍ കേസിലെ പ്രതി സരിതയുടെ ഫോണ്‍ ചോര്‍ത്തി നല്‍കിയ സംഭവത്തിലെയും വിവാദ നായകനാണ്.
വസ്തുതട്ടിപ്പ് കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് എറണാകുളം റേഞ്ചിലേക്ക് നിയമിക്കപ്പെട്ട ഐ.ജി എസ്.ശ്രീജിത്ത്. എറണാകുളത്ത് തന്നെ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലെയും കേസിലെ പ്രതിയായ ഈ ഉദ്യോഗസ്ഥന്റെ നിയമത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാര്‍.
സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ടി.പി. സെന്‍കുമാറിനെ തെറിപ്പിച്ച് ലോക്‌നാഥ് ബഹ്‌റയെ അവരോധിച്ചും വിജിലന്‍സ് മേധാവി സ്ഥാനത്ത് ജേക്കബ് തോമസിനെ നിയമിച്ചും രാഷ്ട്രീയ-ഉദ്യോഗസ്ഥ കേന്ദ്രങ്ങളെ ഞെട്ടിച്ച മുഖ്യമന്ത്രി ഇപ്പോഴെടുത്ത തീരുമാനം ചില ‘ബാഹ്യ’ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണെന്നാണ് വിവരം.
നിയമനത്തിന് വേണ്ടി പൊട്ടിക്കരഞ്ഞ് സി.പി.എം. നേതാക്കളുടെ കാല് പിടിച്ച ഐ.പി.എസ് ഉദ്യോഗസ്ഥനടക്കമുള്ളവര്‍ക്കാണ് ഇപ്പോഴത്തെ അഴിച്ച് പണിയില്‍ നേട്ടമുണ്ടായത്. അത് എത്ര ദിവസത്തേക്ക് എന്നത് വേറെ കാര്യം.
പ്രമുഖ സ്‌പോര്‍ട്‌സ് താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന നടത്തി വിവാദത്തില്‍പ്പെട്ട നേതാവാണ് നിരവധി അന്വേഷണ റിപ്പോര്‍ട്ടുകളില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ഐ.പി.എസുകാരനുവേണ്ടി മുഖ്യമന്ത്രിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നാണ് സൂചന.
സംസ്ഥാന പൊലീസ് സേനയിലെ ഉദ്യോഗസ്ഥരെ കുറിച്ച് മുഖ്യമന്ത്രിക്ക് മുന്‍ ധാരണകളില്ലാതിരുന്നതും ഒരു വിഭാഗം ദുരുപയോഗപ്പെടത്തുകയായിരുന്നുവത്രെ.