ഡിജിപിയുടെ സേവന കാലാവധി നീട്ടി സര്‍ക്കാര്‍; അനില്‍കാന്തിന് 2023 വരെ തുടരാം

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ സേവന കാലാവധി രണ്ടു വര്‍ഷത്തേക്കു നീട്ടാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഡിജിപി പദവിയിലിരിക്കുന്നവര്‍ക്കു രണ്ടു വര്‍ഷമെങ്കിലും സേവന കാലാവധി നല്‍കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതിനുമുന്‍പ് വിരമിക്കുന്നവര്‍ക്കു വേണമെങ്കില്‍ സ്വമേധയാ സ്ഥാനം ഒഴിയാം.

1988 ബാച്ചിലെ ഐപിഎസ് ഓഫിസറായ അനില്‍കാന്തിന്റെ സേവനം 2023 ജൂണ്‍ 30വരെയാണ് നീട്ടിയത്. അല്ലെങ്കില്‍ 2022 ജനുവരി 31ന് വിരമിക്കേണ്ടതായിരുന്നു. ജൂലൈ ഒന്നിനാണ് അനില്‍കാന്ത് ഡിജിപിയായി അധികാരമേറ്റത്. നിയമിക്കപ്പെടുമ്പോള്‍ ഏഴുമാസം സര്‍വീസാണ് ശേഷിച്ചിരുന്നത്. നിയമന ഉത്തരവില്‍ രണ്ടു വര്‍ഷത്തേക്കാണ് നിയമനം എന്നു രേഖപ്പെടുത്തിയിരുന്നില്ല.

അനില്‍കാന്ത് ഏഴു മാസം കഴിഞ്ഞു വിരമിക്കുമ്പോള്‍ സീനിയോറിറ്റിയില്‍ മുന്നിലുള്ള ടോമിന്‍ ജെ.തച്ചങ്കരി ഉള്‍പ്പെടെയുള്ളവരെ പരിണിക്കാനായിരുന്നു ധാരണ. സര്‍ക്കാര്‍ തീരുമാനം മാറ്റിയതോടെ സീനിയോറിറ്റിയില്‍ മുന്‍പിലുള്ള സുധേഷ് കുമാര്‍, ബി.സന്ധ്യ, ടോമിന്‍ ജെ.തച്ചങ്കരി എന്നിവരുടെ സാധ്യതകള്‍ ഇല്ലാതായി. ബി.സന്ധ്യ 2023 മേയില്‍ വിരമിക്കും. സുധേഷ് കുമാര്‍ 2022 ഒക്ടോബറിലും തച്ചങ്കരി 2023 ജൂണിലും വിരമിക്കും.

കേരള കേഡറില്‍ എഎസ്പി ആയി വയനാട് സര്‍വീസ് ആരംഭിച്ച അനില്‍കാന്ത് തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്പി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ന്യൂഡല്‍ഹി, ഷില്ലോങ് എന്നിവിടങ്ങളില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി.

മടങ്ങിയെത്തിയ ശേഷം കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്പി ആയും പ്രവര്‍ത്തിച്ചു. എഡിജിപി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ആയിരുന്നു.

സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എഡിജിപി ആയും പ്രവര്‍ത്തിച്ചു. ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍, ബറ്റാലിയന്‍, പൊലീസ് ആസ്ഥാനം, സൗത്ത് സോണ്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എഡിജിപി ആയും ജോലി നോക്കി. ഡല്‍ഹി സ്വദേശിയാണ്.

Top