കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ്‌ നിരക്കില്‍ വന്‍വര്‍ധന

തിരുവനന്തപുരം: റംസാനുശേഷം കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധനവ്. ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലം അവസാനിക്കുന്ന അടുത്തയാഴ്ച മുതലാണ് നിരക്ക് കുത്തനെ ഉയര്‍ന്നത്. സാധാരണ 6,000 മുതല്‍ 12,000 രൂപവരെയുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് 14,000 മുതല്‍ 48,000 രൂപ വരെയായാണ് വര്‍ധിച്ചത്.

ജൂണ്‍ ഒമ്പതിന് ദുബായിലേക്ക് കൊച്ചിയില്‍നിന്ന് 12,700, തിരുവനന്തപുരത്തുനിന്ന് 14,000, കോഴിക്കോട്ടുനിന്ന് 15,000 എന്നിങ്ങനെയാണ് നിരക്ക്. അതേദിവസം കണ്ണൂരില്‍നിന്ന് 25,700 രൂപ നല്‍കണം. കണ്ണൂരിൽ നിന്ന് സർവീസ് കുറവായതാണ് നിരക്ക് ഇത്രയും കൂടാൻ കാരണമെന്നാണ് വിലയിരുത്തൽ.

അതേസമയം പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്ന് പാർലമെന്ററി-വിദേശകാര്യ സഹമന്ത്രി ചുമതല ലഭിച്ച ദിവസം തന്നെ വി. മുരളീധരൻ പറഞ്ഞിരുന്നു. യാത്രാകൂലിയിൽ വലിയ വർദ്ധനവാണുണ്ടാകുന്നതെന്നും പ്രവാസികളുടെ പ്രശ്നമെന്ന നിലയിൽ സിവിൽ വ്യോമയാന വകുപ്പുമായി ബന്ധപ്പെട്ട് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top