കാവി പടയോട് കാണിച്ച പരാക്രമങ്ങൾ യൂത്ത് കോൺഗ്രസ്സ് ഹർത്താലിനോടില്ല !

ര്‍ത്താല്‍ ദിനങ്ങള്‍ മൂന്ന് ദിവസം മുന്‍പ് മുന്‍കൂട്ടി അറിയിക്കണമെന്ന ഹൈക്കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ്സ് ഹര്‍ത്താല്‍.

ഹര്‍ത്താല്‍ നരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍പ് നിരാഹാരം ഇരുന്ന എം.എം.ഹസ്സന്റെ ശിഷ്യന്‍മാരാണ് ഇന്ന് ( തിങ്കളാഴ്ച) അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ശബരിമല കര്‍മ്മ സമിതിയുടെ ഹര്‍ത്താല്‍ ദിനം കടകള്‍ തുറന്ന് പ്രകോപനം സൃഷ്ടിച്ചവര്‍ ഇന്ന് എന്ത് സമീപനമാണ് സ്വീകരിക്കുന്നതെന്ന് ഉറ്റുനോക്കുകയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍.

പൊലീസ് ശബരിമല കര്‍മ്മ സമിതി ഹര്‍ത്താല്‍ പൊളിക്കാന്‍ സ്വീകരിച്ച നടപടികള്‍ കോണ്‍ഗ്രസ്സ് ഹര്‍ത്താലിനോട് സ്വീകരിക്കുന്നുണ്ടോ എന്ന് പൊതു സമൂഹം വിലയിരുത്തണമെന്ന് സംഘ പരിവാര്‍ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ട് യുവാക്കള്‍ സി.പി.എം ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന ഹര്‍ത്താല്‍ നടത്താന്‍ കോണ്‍ഗ്രസ്സിനും യൂത്ത് കോണ്‍ഗ്രസ്സിനും അവകാശമുള്ള പോലെ മറ്റു പാര്‍ട്ടികള്‍ക്കും ഉണ്ടെന്നാണ് ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

ശബരിമല കര്‍മ്മ സമിതി പ്രഖ്യാപിച്ച ഹര്‍ത്താലിന് മുന്‍പ് നിരവധി സംഘ പരിവാര്‍ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രഖ്യാപിച്ച ഹര്‍ത്താലുമായി ബന്ധപ്പെട്ട് അത്തരമൊരു നിലപാട് പൊലീസ് സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും സംഘപരിവാര്‍ നേതൃത്വം ചോദിക്കുന്നു.

കാസര്‍ഗോഡ് ഞായറാഴ്ച രാത്രി 8.30 ഓടെ കല്ല്യോട്ടിനടുത്ത് തന്നിത്തോട്-കൂരാങ്കര റോഡിലാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നത്. ശരതും കൃപേഷും ബൈക്കില്‍ കൂരാങ്കരയിലെ ശരത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. വീട്ടിനടുത്തെത്താറായപ്പോള്‍ ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി ഇരുവരെയും വെട്ടുകയായിരുന്നു.

കൃപേഷിന് തലയ്ക്കാണ് വെട്ടേറ്റത്. ഇതിന് ശേഷം അക്രമികള്‍ സ്ഥലം വിട്ടു. കുറച്ചു സമയം കഴിഞ്ഞ് റോഡിലൂടെ പോയവരാണ് അക്രമം ആദ്യം അറിഞ്ഞത്. ബൈക്ക് മറിഞ്ഞു കിടക്കുന്നതും റോഡരികില്‍ ശരത് രക്തം വാര്‍ന്ന് കിടക്കുന്നതും കണ്ടതോടെ ഇവര്‍ ബഹളം വച്ചു. ഓടിയെത്തിയ നാട്ടുകാര്‍ അബോധാവസ്ഥയിലായിരുന്ന ശരതിനെ ആശുപത്രിയിലേക്ക് കൊണ്ടുപ്പോയി.

ബൈക്കില്‍ കൃപേഷും കൂടി ഉണ്ടായിരുന്നെന്ന് മനസ്സിലായതോടെ എല്ലാവരും തിരച്ചല്‍ നടത്തിയപ്പോഴാണ് 150 മീറ്റര്‍ അകലെയായി കുറ്റിക്കാട്ടില്‍ കൃപേഷ് രക്തം വാര്‍ന്ന് നിലയില്‍ കിടക്കുന്നത് കണ്ടത്. ഇതിനിടെ ബേക്കല്‍ പൊലീസും സ്ഥലത്തെത്തി. പൊലീസ് കൃപേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൃപേഷ് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പ് മരിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശരത് മംഗ്ലൂരു യൂണിറ്റി ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലും മരിച്ചു.

മിന്നല്‍ ഹര്‍ത്താലിനെതിരായ നിലപാട് സി.പി.എമ്മും സംസ്ഥാന സര്‍ക്കാരും സ്വീകരിച്ചതിനു ശേഷം നടക്കുന്ന ആദ്യ ഹര്‍ത്താലാണ് യുത്ത് കോണ്‍ഗ്രസ്സ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ മാത്രം രാത്രി പ്രഖ്യാപിച്ച ഹര്‍ത്താല്‍ സംസ്ഥാന വ്യാപക ഹര്‍ത്താലാക്കി പിന്നീട് മാറ്റുകയായിരുന്നു. കോണ്‍ഗ്രസ്സ് നേതൃത്വവുമായുള്ള ചര്‍ച്ചയെ തുടര്‍ന്നായിരുന്നു തീരുമാനം.

ഇതിനിടെ മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. മുന്‍കൂര്‍ നോട്ടിസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നടപടി കോടതിയലക്ഷ്യമാണെന്നു കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസെടുത്തത്.

ഹര്‍ത്താല്‍ പൊതു ജനങ്ങള്‍ക്ക് ഉണ്ടാക്കിയിട്ടുള്ള ബുദ്ധിമുട്ട് ന്യായീകരിക്കാന്‍ ആകില്ലെന്നും നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ പ്രത്യാഘാതം നേരിടണമെന്നും കോടതി പറഞ്ഞു. ഹര്‍ത്താലിനെതിരെ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഡിജിപിയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

അതേ സമയം യൂത്ത് കോണ്‍ഗ്രസ്സ് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ ആക്രമണമുണ്ടായി. കൊച്ചിയില്‍ പലയിടത്തും പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. കലൂരില്‍ കടതുറക്കാനെത്തിയ വ്യാപാരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമമുണ്ടായി. കോഴിക്കോട് വ്യാപാരിയെ കടയിലിട്ട് പൂട്ടി. അങ്കമാലിയിലും, പെരുമ്പാവൂരും, പള്ളുരുത്തിയിലും ബസുകളും ഓട്ടോറിക്ഷയുമടക്കം തടയുന്നുണ്ട്. മിക്ക കടകളും തുറന്നിരിക്കുകയാണ്. കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് എല്ലാ ബസുകളും യാത്ര തിരിച്ചിട്ടുണ്ട്. എറണാകുളം കുമ്പളങ്ങിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടഞ്ഞു. പശ്ചിമ കൊച്ചിയില്‍ പൊലീസ് നോക്കി നില്‍ക്കെ ബസില്‍ നിന്ന് യാത്രക്കാരെ ഇറക്കി വിട്ടു.

തിരുവനന്തപുരത്ത് കിളിമാനൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിച്ചു. ആറ്റിങ്ങലില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു. സംഭവത്തില്‍ അഞ്ച് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസുകള്‍ ഓടുന്നില്ല.

ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷയും നിരത്തിലുണ്ട്. പതിവ് ഹര്‍ത്താലുകളില്‍നിന്ന് വ്യത്യസ്തമായി തിരുവനന്തപുരം നഗരം ഇപ്പോഴും തിരക്കിലാണ്. കോഴിക്കോട് കുന്ദമംഗലം പന്തീര്‍പാടത്ത് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. കൊല്ലം നഗരത്തിലും കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു. കൊല്ലം, ചവറ ശങ്കര മംഗലത്തും കണ്ണൂര്‍ പയ്യോളിയിലും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു.

Top