ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോവിഡ് സ്ഥിതി ആശങ്കാജനകമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാരിന്റെ പഠനം. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിലെ വര്‍ധന നിരക്കില്‍ കേരളം ഒന്നാം സ്ഥാനത്താണെന്നും പോസിറ്റീവ് ആകുന്നവരുടെ നിരക്കില്‍ സംസ്ഥാനം രണ്ടാം സ്ഥാനത്താണെന്നും പഠനം പറയുന്നു. അണ്‍ലോക്ക് നാലാംഘട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
രാജ്യത്ത് അണ്‍ലോക്ക്-4 നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഓഗസ്റ്റ് 13 മുതല്‍ 19 വരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒരു പഠനം നടത്തിയത്. ഈ പഠനത്തിലാണ് കേരളം ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനത്തില്‍ ആശങ്കാജനകമായ സ്ഥിതി നിലനില്‍ക്കുന്നതായി കണ്ടെത്തിയത്.
4.30 ശതമാനമാണ് കേരളത്തിലെ രോഗവര്‍ധനയുടെ നിരക്ക്. പോസിറ്റീവ് ആകുന്നവരുടെ നിരക്കിലും കേരളം മുന്‍പന്തിയിലാണ്. മഹാരാഷ്ട്രയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് കേരളമുള്ളത്. 17.80 ശതമാനം ആണ് കേരളത്തില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ നിരക്ക്. ഇത് കൂടാതെ ടെസ്റ്റിങ്ങില്‍ കേരളം വളരെ പിറകിലാണെന്നും പഠനം പറയുന്നു. 6.23 ശതമാനമാണ് കേരളത്തിലെ പരിശോധനാനിരക്ക്. ഈ സാഹചര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്ന സംസ്ഥാനങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം കൂടിയാലോചന നടത്താനും തുടര്‍ന്ന് നടത്തേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.