തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടു വന്ന മദ്യനയത്തെ കുറിച്ച് സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
മദ്യനയത്തെ കുറ്റം പറയുന്നവര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ മടിക്കുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ ചോദിച്ചു.
യു.ഡി.എഫിന്റെ മദ്യനയത്തെ സി.പി.എം വിമര്‍ശിക്കുകയാണ്. നയം പുതിയ കാര്യമൊന്നുമല്ല. ഏറെ ആലോചിച്ച ശേഷം എടുത്ത തീരുമാനമാണ്. എന്നാല്‍, സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ല എന്നൊക്കെ പറഞ്ഞ് മദ്യനയത്തെ സി.പി.എം എതിര്‍ത്തതാണ്.
കെ.പി.സി.സി പ്രസിഡന്റും താനും തമ്മിലുള്ള തര്‍ക്കമാണ് മദ്യനയത്തിന് പിന്നിലെന്നുവരെ ആക്ഷേപം ഉന്നയിച്ചു. ഇപ്പോള്‍ എന്തു കൊണ്ടാണ് നയത്തെ കുറിച്ച് സി.പി.എം നിലപാട് വ്യക്തമാക്കാത്തത് ഉമ്മന്‍ചാണ്ടി ചോദിച്ചു. മുയലിനൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്നതാണ് സി.പി.എമ്മിന്റെ രീതി. അത് ശരിയായ രീതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.