കിഫ്ബിക്ക് വീണ്ടും സമന്‍സ് അയച്ച ഇഡിയോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി : മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ട് കിഫ്ബിക്ക് വീണ്ടും സമന്‍സ് അയച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി (ഇഡി)നോട് ഹൈക്കോടതി വിശദീകരണം തേടി. മസാല ബോണ്ട് ഇറക്കിയതില്‍ ഫെമ നിയമലംഘനമുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായാണ് വീണ്ടും സമന്‍സ് അയച്ചത്. പതിനേഴിനകം വിശദീകരണം നല്‍കാനാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചത്.

ജനുവരി 10ന് ഹാജരാകാന്‍ നിര്‍ദേശിച്ച് ജനുവരി അഞ്ചിന് ഇഡി നല്‍കിയ സമന്‍സ് ചോദ്യം ചെയ്ത് കിഫ്ബിയും സിഇഒ കെ എം എബ്രഹാമുമാണ് ഹര്‍ജി നല്‍കിയത്. മനപ്പൂര്‍വം ഹാജരാകാതിരിക്കുകയും രേഖകള്‍ നല്‍കാതിരിക്കുകയും ചെയ്താല്‍ 10,000 രൂപ പിഴ ഈടാക്കുമെന്ന് സമന്‍സിലുണ്ട്. ഈ സമന്‍സും അതിലെ തുടര്‍നടപടികളും തടയണമെന്നതാണ് ഹര്‍ജിയിലെ ആവശ്യം.

കേരളത്തിലെ അടിസ്ഥാനസൗകര്യ വികസനപ്രവര്‍ത്തനങ്ങളുടെ പ്രധാന ഫണ്ടിങ് ഏജന്‍സിയാണ് കിഫ്ബിയെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു. ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് വരുന്ന ഹര്‍ജികളില്‍നിന്ന് കിഫ്ബിയുടെ പ്രാധാന്യം വ്യക്തമായിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

ഇഡിയുടെ സമന്‍സ് അനാവശ്യമാണെന്നും ഇത്തരത്തില്‍ നോട്ടീസ് നല്‍കാന്‍ നിയമപരമായ അധികാരമില്ലെന്നും കിഫ്ബി വ്യക്തമാക്കി. നേരത്തേ നല്‍കിയ സമന്‍സിലെ ചോദ്യങ്ങള്‍ ഈ സമന്‍സിലും ആവര്‍ത്തിക്കുകയാണ്. ഇഡി ആവശ്യപ്പെട്ട രേഖകളെല്ലാം നല്‍കിയിട്ടുണ്ട്. കിഫ്ബിയുടെ സിഇഒ അഞ്ചുതവണ ഹാജരായി വിശദീകരണവും നല്‍കിയിട്ടുണ്ട്.

എന്നിട്ടും അതേ കാര്യങ്ങള്‍ ആവര്‍ത്തിച്ചാണ് വീണ്ടും സമന്‍സ് നല്‍കിയത്. കിഫ്ബിക്കെതിരെ നടപടികളൊന്നും നിലവിലില്ലാതിരിക്കെയാണ് നിയമപരമായി അധികാരമില്ലാതെ വീണ്ടും സമന്‍സ് നല്‍കിയത്. മസാല ബോണ്ട് ഇറക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് റിസര്‍വ് ബാങ്ക് കിഫ്ബിയെ നേരത്തേ അറിയിച്ചിരുന്നു.

ആര്‍ബിഐ അനുമതിയുണ്ടായിരിക്കെ മസാല ബോണ്ടിന്റെ നിയമസാധുത ചോദ്യം ചെയ്യാന്‍ ഇഡിക്ക് അധികാരമില്ലെന്നും സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇഡിക്ക് അന്വേഷണം നടത്താനാകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി വീണ്ടും 17ന് പരിഗണിക്കും.

Top