കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോര്‍ഡ് പ്രകാരം രാജ്യത്തെ സമതല പ്രദേശങ്ങളില്‍ ഇന്നലെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപെടുത്തിയത് പുനലൂരില്‍. 36.8° സെല്‍ഷ്യസ് ഉയര്‍ന്ന ചൂടാണ് പുനലൂരില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ 8 ദിവസത്തില്‍ 7 ദിവസവും രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂട് പുനലൂരിലാണ് രേഖപെടുത്തിയത്.
എന്നാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ തന്നെ വിവിധ ജില്ലകളിലെ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളില്‍ 35 നും 39 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ ഉയര്‍ന്ന ചൂട് രേഖപെടുത്തിയിട്ടുണ്ട്. കേരളത്തില്‍ പൊതുവെ പകല്‍ സമയത്ത് ചൂട് കൂടി വരുന്നുണ്ട്. വരും ദിവസങ്ങളിലും ഈ പ്രതിഭാസം ഇതേ നിലയില്‍ തുടരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
ജനുവരി 15 ഓടെയാണ് കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സ്ഥാനങ്ങളില്‍ നിന്ന് തുലാവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങിയത്. തുലാം വര്‍ഷം പിന്‍ മാറിയതോടെ ചൂട് കൂടാന്‍ തുടങ്ങി. ഇതിന് ശേഷം കേരളത്തില്‍ കാര്യമായി മഴ ലഭിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനവും കേരളത്തിന് മഴ ലഭിക്കാനുള്ള സാധ്യത പ്രവചിക്കുന്നില്ല.