കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. കാസര്‍ക്കോട് അഞ്ചാം ദിവസവും മഴ ശക്തമായി തുടര്‍ന്നതോടെ മധുവാഹിനി പുഴ കരകവിഞ്ഞൊഴുകുകയും പുഴയോരത്തെ വീടുകള്‍ അപകടാവസ്ഥയിലുമായിരിക്കുകയാണ്. കാഞ്ഞങ്ങാട്,നീലേശ്വരം, പൂല്ലൂര്‍, പെരിയ, മധൂര്‍ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലാണ്. കാഞ്ഞങ്ങാട് ബെല്ലാ സ്‌കൂളിലും ചെങ്കളയിലും പുതിയ ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങി.
മഴ ശക്തമായതോടെ കോഴിക്കോട് കൊയിലാണ്ടിയില്‍ മൂന്ന് ദുരിതാശ്വാസ ക്യാംപുകള്‍ കൂടി തുറന്നു. 89 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. കണ്ണൂര്‍ തവകരയില്‍ വെള്ളം കയറിയതിനെ മാറ്റി പാര്‍പ്പിച്ച 85 പേര്‍ ഇപ്പോഴും ക്യാംപുകളില്‍ തന്നെ തുടരുകയാണ്.
വയനാട്ടിലും മലപ്പുറത്തും മഴ പെയ്യുന്നുണ്ട്. എന്നാല്‍ ഇരു ജില്ലകളിലും ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം കണ്ണൂരില്‍ ജീപ്പ് പുഴയിലേക്കു മറിഞ്ഞു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണിക്കടവ് കോളിത്തട്ട് സ്വദേശി ലിധീഷ് കാരിത്തടത്തിലിന്റെ മൃതദേഹമാണു കണ്ടെത്തിയത്.
ഞാറാഴ്ചയായിരുന്നു അപകടം. ഇരിട്ടി മണിക്കടവ് മാട്ടറ ചപ്പാത്ത് പാലം കടക്കുമ്പോഴാണ് ജീപ്പ് ഒഴുക്കില്‍പ്പെട്ടത്. ജീപ്പിലുണ്ടായിരുന്ന മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടു. ഇരിട്ടിയില്‍നിന്നെത്തിയ അഗ്നിരക്ഷാസേനയും ഉളിക്കല്‍ പോലീസും നാട്ടുകാരും ചേര്‍ന്നു തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഏഴിമല നാവിക അക്കാദമിയുടെ സഹായം തേടി.