എല്‍ജിബിടിക്യു+ വിഭാഗങ്ങള്‍ക്ക് സൈബര്‍ സുരക്ഷ നല്‍കണമെന്ന് പൊലീസിനോട് കേരളാ ഹൈക്കോടതി

കൊച്ചി: എല്‍ജിബിടിക്യു+ വിഭാഗങ്ങള്‍ക്കെതിരെയുളള സൈബര്‍ ബുളളിയിങിനെതിരെ നടപടി സ്വീകരിക്കണമെന്ന് പൊലീസിന് കേരളാ ഹൈക്കോടതിയുടെ നിര്‍ദേശം. യൂത്ത് എന്റിച്ച്‌മെന്റ് സൊസൈറ്റി എന്ന സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിനെതിരെയുളള ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം.സൈബര്‍ ആക്രമണത്തിന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി ഉയര്‍ത്തിയത്.

എല്‍ജിബിടിക്യൂ കമ്മ്യൂണിറ്റിയെ കുറിച്ച് സാമൂഹിക മാധ്യമത്തിലൂടെ വ്യാജവാര്‍ത്തകളും അശാസ്ത്രീയ വിവരങ്ങളും പ്രചരിപ്പിച്ചുവെന്ന് ഹര്‍ജിയില്‍ പറയുന്നു. വിദ്വേഷവും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും പ്രചരിപ്പിച്ചെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ എല്‍ജിബിടിക്യു+ വിഭാഗങ്ങള്‍ക്കെതിരെ ആള്‍ക്കൂട്ട കൊലപാതകം പോലുളള കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിന് സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ജീവിക്കാനുളള അവകാശം ഓരോ പൗരനുമുണ്ട്. അത് വിനാശകരമായ ചിന്തകളുളള വ്യക്തികള്‍ക്ക് ദുര്‍ബലമാക്കാനോ അടിച്ചമര്‍ത്താനോ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ സിംഗിള്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം.

വിഷയം പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും അടുത്ത വാദം കേള്‍ക്കുന്നതിന് മുമ്പ് നടപടി സ്വീകരിച്ച റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനും ഡിജിപിയോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പരാതികളില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സംസ്ഥാന അധികാരികളില്‍ നിന്ന് നിര്‍ദേശം വാങ്ങാന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സുനില്‍കുമാര്‍ കുര്യാക്കോസിനോട് കോടതി വ്യാഴാഴ്ച നിര്‍ദേശിച്ചിരുന്നു.

Top