Kerala high court-conflict-suspended five senior-advocates

കൊച്ചി: ഹൈക്കോടതി പരിസരത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഭിഭാഷകര്‍ക്കെതിരെ നിലപാടെടുത്ത അഞ്ച് മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു.

കാളീശ്വരം രാജ്, ശിവന്‍ മഠത്തില്‍, ജയശങ്കര്‍, ഉദയഭാനു, നന്ദകുമാര്‍ നമ്പ്യാര്‍ എന്നീ അഭിഭാഷകര്‍ക്കെതിരെയാണ് നടപടി.

കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ക്കൂടി തെറ്റിദ്ധാരണ പരത്തുന്ന രൂപത്തില്‍ അഭിപ്രായപ്രകടനം നടത്തിയതാണ് അസോസിയേഷനെ ചൊടിപ്പിച്ചത്.

അഞ്ഞൂറോളം അഭിഭാഷകര്‍ പങ്കെടുത്ത യോഗത്തില്‍ ഇന്ന് ഹൈക്കോടതി നടപടികള്‍ ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ച കാര്യം തെറ്റായ രൂപത്തില്‍ ഈ അഭിഭാഷകര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചിത്രീകരിച്ചതിനാണ് നടപടി.

അസോസിയേഷന്‍ അംഗങ്ങളായ അഞ്ച് പേരെയും പുറത്താക്കണമെന്നാണ് യോഗത്തിലുയര്‍ന്ന വികാരം.

അച്ചടക്ക നടപടിയുടെ ഭാഗമായി ഉടന്‍ നോട്ടീസ് നല്‍കും. മുതിര്‍ന്ന അഭിഭാഷകര്‍ ഉള്‍പ്പെട്ട അച്ചടക്ക സമിതിയുണ്ടാക്കാനും അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്.

നടപടിക്ക് വിധേയരാവുന്നവരില്‍ ജില്ലാ കോടതിയിലെ അഭിഭാഷക അസോസിയേഷനില്‍ അംഗത്വമുള്ളവരുണ്ടെങ്കില്‍ അവര്‍ക്കെതിരെ സമാനമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കോടതി അഭിഭാഷക അസോസിയേഷനും തീരുമാനിച്ചിട്ടുണ്ട്.

Top