മാലിന്യസംസ്‌കരണം: മാറിയേ പറ്റൂ, ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാനാകില്ല; ഹൈക്കോടതി

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. ഇപ്പോഴത്തെ സാഹചര്യത്തിൽ മാറ്റമുണ്ടാകണം. മാലിന്യ സംസ്‌കരണത്തിന് കുട്ടികൾക്ക് പരീശീലനം നൽകണമെന്നും കോടതി നിർദേശിച്ചു. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് ഡിവിഷണൻ ബെഞ്ച് നിരീക്ഷണം.

ജില്ലാകലക്ടർ, മലീനീകരണ നിയന്ത്രണബോർഡ് ചെയർമാൻ, കോർപ്പറേഷൻ സെക്രട്ടറി എന്നിവർ ഓൺലൈനിലാണ് കോടതിയിൽ ഹാജരായത്. മാലിന്യ സംസ്‌കരണത്തിൽ ഇനിയും ജനങ്ങളെ ബുദ്ധിമുട്ടിക്കാനാകില്ലെന്നും നിലവിലെ സാഹചര്യത്തിൽ മാറ്റമുണ്ടാകണമെന്നും കോടതി പറഞ്ഞു.

മാലിന്യസംസ്‌കരണത്തിൽ ജനങ്ങളെ ബോധവത്കരിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മാലിന്യ സംസ്‌കരണത്തിൽ കുട്ടികൾക്ക് പരിശീലനം നൽകണമെന്ന് കോടതിയുടെ നിർദേശം. കൊച്ചിക്കാരെ മുഴുവൻ ബോധവത്കരിക്കുന്നതിനേക്കാൾ ആയിരം കുട്ടികൾക്ക് പരിശീലനം നൽകുന്നതാണ് നല്ലതെന്നായിരുന്നു കോടതിയുടെ നീരീക്ഷണം.

മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് അമിക്കസ്‌ക്യൂറിമാരെ നിയോഗിക്കുമെന്ന കാര്യം കോടതി ആവർത്തിച്ചു. മൂന്ന് അമിക്കസ് ക്യൂറിമാരെയാണ് നിയോഗിക്കുക. ബ്രഹ്മപുരവുമായി ബന്ധപ്പെട്ട് ചില നിരീക്ഷണങ്ങളും നിർദേശങ്ങളും ഇന്ന് കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. കടമ്പ്രയാറിലെ വെള്ളം പരിശോധിക്കണം. വെള്ളത്തിന്റെ സാംപിൾ 24 മണിക്കൂറിനകം ശേഖരിച്ച് പരിശോധനയ്ക്ക് അയക്കണം. സമീപ സ്ഥലങ്ങളിലെ ഭൂഗർഭജലത്തിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.

ബ്രഹ്മപുരത്തെ തീയണച്ച ഉദ്യോഗസ്ഥരെ ഹൈക്കോടതി അഭിനന്ദിച്ചു. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ ശിക്ഷാ നടപടിയുണ്ടാകണമെന്നും അതുണ്ടാകാത്തതാണ് ഇപ്പോഴത്തെ കുഴപ്പമെന്നും ഹിൽ സ്റ്റേഷനുകളിൽ പ്ലാസ്റ്റിക് മാലിന്യ സംഭരണത്തിന് സംവിധാനം വേണമെന്നും കോടതി നിർദേശിച്ചു.

മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് വെബ്‌സൈറ്റ് ആരംഭിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

Top