കേടതിയുടെ തീരുമാനം അംഗീകരിക്കുന്നു; വിധിക്ക് മേല്‍ നിയമപരമായ വശങ്ങള്‍ നോക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി കട്ട് ചെയ്യുന്നതിനെതിരെയുള്ള കോടതി ഉത്തരവിനെ മാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈക്കോടതി വിധി സാമാന്യമായും എല്ലാവരും അംഗീകരിക്കേണ്ടതാണെന്നും, അത് അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടതി വിധി വിശദമായി പരിശോധിക്കും. വിധി കൃത്യമായി പാലിക്കാന്‍ ബാധ്യസ്ഥരാണ്. വിധിക്ക് മേല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ഇപ്പോള്‍ കഴിയില്ല. നിയമപരമായി എന്തെങ്കിലും വഴികളുണ്ടെങ്കില്‍ അത് പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രത്യേക ഉത്തരവിലൂടെ ആറ് ദിവസത്തെ ശമ്പളം പിടിച്ചുവെക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് അനുവദിക്കാനാകില്ലെന്നായിരുന്നു കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. സര്‍ക്കാര്‍ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി, ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തത്. എല്ലാവരുടെയും പിന്തുണ സര്‍ക്കാരിന് വേണ്ട അസാധാരണമായ സാഹചര്യമാണ് ഇപ്പോഴത്തേതെന്ന് ഹൈക്കോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പരക്കെ അംഗീകരിക്കപ്പെട്ടതാണ്. എന്നാല്‍ ശമ്പളം അവകാശമാണ്. ഇതൊരു നിയമപ്രശ്‌നമാണെന്നും അതിനെ നിയമപരമായി മാത്രമേ കാണാനാവൂ എന്നും കോടതി പറഞ്ഞിരുന്നു.

സര്‍ക്കാര്‍ ഉത്തരവില്‍ അവ്യക്തതയുണ്ടെന്ന് പറഞ്ഞ കോടതി, ജീവനക്കാരുടെ വേതനത്തില്‍ നിന്ന് മാറ്റിവയ്ക്കുന്ന തുക എന്തിന് വേണ്ടിയാണ് ഉപയോഗിക്കുകയെന്ന് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി എന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി എന്ന പേരു പറഞ്ഞ് ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അതിനാല്‍ ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്യുകയാണെന്നും കോടതി അറിയിച്ചു.

Top