ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസിലെ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കെ. ബാബു എം.എല്‍.എയുടെ ആവശ്യം സുപ്രീം കോടതി തള്ളി. സ്റ്റേ ആവശ്യം നേരത്തെ സുപ്രീം കോടതി തള്ളിയതാണെന്നും സ്വരാജിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പി.വി. ദിനേശ് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
മതചിഹ്നം ഉപയോഗിച്ച് വോട്ട് അഭ്യര്‍ഥിച്ചുവെന്ന് ആരോപിച്ച് ബാബുവിനെതിരെ ഫയല്‍ ചെയ്ത തിഞ്ഞൈടുപ്പ് കേസ് നിലനില്‍ക്കുമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവിനെതിരെയാണ് ബാബു സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ച് സ്വരാജിന് നോട്ടീസ് അയച്ചിരുന്നു.
ഇതിനിടെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ബാബു സുപ്രീം കോടതിയില്‍ പുതിയ അപേക്ഷ ഫയല്‍ചെയ്തു. കേസില്‍ ഇന്ന് ഹൈക്കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിച്ചതായി ബാബുവിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തത്തില്‍ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും ബാബുവിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ചന്ദര്‍ ഉദയ് സിങ്ങും അഭിഭാഷകന്‍ റോമി ചാക്കോയും ആവശ്യപ്പെട്ടു. എന്നാല്‍, ആവശ്യം അംഗീകരിക്കാന്‍ സുപ്രീം കോടതി തയാറായില്ല.ബാബു നല്‍കിയ ഹര്‍ജി ജനുവരിയില്‍ പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. എം. സ്വരാജിനുവേണ്ടി അഭിഭാഷകരായ പി.വി ദിനേശ്, പി. എസ്. സുധീര്‍, അന്ന ഉമ്മന്‍ എന്നിവര്‍ ഹാജരായി.