Kerala highcourt against fireworks

കൊച്ചി: വെടിക്കെട്ടും എഴുന്നള്ളത്തുമില്ലാതെ ഉത്സവങ്ങള്‍ നടത്താനാവില്ലേയെന്നു ഹൈക്കോടതി. മതവിഭാഗങ്ങളുടെ ആര്‍ഭാടങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും പരവൂര്‍ വെടിക്കെട്ടു ദുരന്തത്തിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടു ജസ്റ്റിസ് ഉബൈദ് പറഞ്ഞു.

മതവിഭാഗങ്ങളുടെ ആര്‍ഭാടങ്ങള്‍ക്കു കടിഞ്ഞാണിടാന്‍ സര്‍ക്കാരിന് സാധിച്ചില്ല. കോടികളാണ് ഇത്തരം കാര്യങ്ങള്‍ക്കായി തുലയ്ക്കുന്നത്. ഇതിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നതിനെതിരേയും ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

പരവൂര്‍ വെടിക്കെട്ടു ദുരന്തമുണ്ടായതു മുതല്‍ കേരളത്തില്‍ സജീവ ചര്‍ച്ചയായിരുന്നു വെടിക്കെട്ടും എഴുന്നള്ളത്തുകളും. തൃശൂര്‍ പൂരം വെടിക്കെട്ടിനു കോടതിയുടെ വിലക്കുണ്ടായപ്പോള്‍ അതിനെ ശക്തമായ സമ്മര്‍ദത്തിലൂടെയാണ് പൂരാഘോഷക്കമ്മിറ്റികള്‍ അതിജീവിച്ചത്. മതവിഭാഗങ്ങളുടെ ആഘോഷങ്ങളെ കടിഞ്ഞാടിണമെന്ന വിധമാണ് ഇപ്പോള്‍ ഹൈക്കോടതി നിലപാടെടുത്തിരിക്കുന്നതെന്നും വ്യക്തം.

പരവൂരില്‍ വെടിക്കെട്ടു നടത്താന്‍ ഉന്നതതല സമ്മര്‍ദമുണ്ടായെന്നും സകല നിയമങ്ങളുടെയും ലംഘനമാണ് പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടു മത്സരത്തില്‍ നടന്നതെന്നും വ്യക്തമായിരുന്നു. ഈ സാഹചര്യത്തില്‍ വരും നാളുകളിലെ കോടതി ഇടപെടലും സജീവ ചര്‍ച്ചയാകും.

Top