തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഇടം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ കേരളം. സില്‍വര്‍ലൈന്‍ ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ബഡ്ജറ്റില്‍ ഇടം നല്‍കണം എന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ടെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ ചെറിയ സഹായം മാത്രമെ അതിന് ആവശ്യമായി വരുന്നുള്ളൂ. ഇതിനായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനോട് നേരിട്ട് തന്നെ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.
‘കേന്ദ്രസര്‍ക്കാരിന്റെ ചെറിയ സഹായം മാത്രമെ അതിന് ആവശ്യമായി വരുന്നുള്ളൂ. ആകെ ചെലവൊന്നും കേന്ദ്രത്തില്‍ നിന്നും ആവശ്യപ്പെടുന്നില്ലല്ലോ. പങ്കാളിത്തം മാത്രമാണ് ആഗ്രഹിക്കുന്നത്. മറ്റുള്ളവരുടെ അതിവേഗ പദ്ധതികള്‍ പരാമര്‍ശിക്കുമ്പോള്‍ കേന്ദ്രത്തിന് കേരളത്തെ പരിഗണിക്കാതിരിക്കാന്‍ കഴിയില്ല. സില്‍വര്‍ലൈന്‍ ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ബഡ്ജറ്റില്‍ ഇടം നല്‍കണം എന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. പിന്നീട് നേരിട്ട് ധനകാര്യമന്ത്രിയെന്ന നിലയില്‍ കേന്ദ്രധനകാര്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.’ കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.