Kerala house explanation of CM Delhi visit

ന്യൂഡല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഡല്‍ഹി സന്ദര്‍ശനത്തില്‍ പുതിയ വിശദീകരണവുമായി കേരളഹൗസ് അധികൃതര്‍. 2012 ഡിസംബര്‍ 27ന് മുഖ്യമന്ത്രി കേരള ഹൗസില്‍ താമസിച്ചിരുന്നതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

ഡിസംബര്‍ 27ന് സരിതാനായര്‍ ഡല്‍ഹി കേരള ഹൗസില്‍ ഉമ്മന്‍ചാണ്ടിയെ കണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമീഷന് മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഡിസംബര്‍ 27ന് ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ എത്തിയിരുന്നില്ലെന്ന് കേരള ഹൗസ് റസിഡന്റ് കമീഷണറുടെ ഓഫീസും എത്തിയിരുന്നെന്ന് പ്രോട്ടോകോള്‍ ഓഫീസറും വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കി.

ദേശീയ വികസന കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി ദിനേശ് ശര്‍മയാണു മുഖ്യമന്ത്രിക്കു ഒപ്പമുണ്ടായിരുന്നതെന്നും രേഖയില്‍ പറയുന്നു. ഒരേ വിഷയത്തില്‍ രണ്ടു രീതിയില്‍ ഉള്ള മറുപടിയാണ് ഇപ്പോള്‍ കേരള ഹൗസില്‍ നിന്നും ലഭിച്ചിരിക്കുന്നത്.

അഖിലേന്ത്യ ലോയേഴ്‌സ് യൂണിയന്‍ സുപ്രീംകോടതി യൂണിറ്റ് കണ്‍വീനര്‍ ആര്‍ സുഭാഷ് ചന്ദ്രനാണ് 2012 ഡിസംബര്‍ 26, 27, 28, 29 തീയതികളില്‍ മുഖ്യമന്ത്രി ഡല്‍ഹിയില്‍ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തിരുന്നോ എന്ന് വിവരാവകാശ നിയമപ്രകാരം ആരാഞ്ഞത്.

ഇതിന് ഈ വര്‍ഷം നവംബര്‍ 17നു നല്‍കിയ മറുപടിയില്‍ 2012 നവംബര്‍ 26, 27, 28, 29 തീയതികളില്‍ മുഖ്യമന്ത്രി ഡല്‍ഹിയില്‍ ഏതെങ്കിലും ഔദ്യോഗികപരിപാടിയില്‍ പങ്കെടുത്തതായി രേഖകളില്ല എന്നാണ് റസിഡന്റ് കമീഷണറുടെ ഓഫീസിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചത്.

തുടര്‍ന്ന് സുഭാഷ് ചന്ദ്രന്‍ വീണ്ടും നല്‍കിയ ചോദ്യത്തിന് നവംബര്‍ 26ന് സ്പീഡ് പോസ്റ്റില്‍ അയച്ച മറുപടിയില്‍ ഇത് തിരുത്തി. നേരത്തെ ‘നവംബര്‍ 26, 27, 28, 29 തീയതികളില്‍’ എന്ന് മറുപടി നല്‍കിയത് പിശകാണെന്നും ‘ഡിസംബര്‍ 26, 27, 28, 29’ എന്ന് വായിക്കണമെന്നും രണ്ടാമത്തെ മറുപടിയില്‍ അറിയിച്ചു.

Top