ആര് എന്തു പറഞ്ഞാലും എത്ര ആരോപണം ഉന്നയിച്ചാലും കേരളം രാജ്യത്തെ വേറിട്ടൊരു സംസ്ഥാനം തന്നെയാണ്. വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരായ ചെറുത്തു നില്‍പ്പില്‍ മാത്രമല്ല സമസ്ത മേഖലയിലും കേരളത്തിന്റേതായ ഒരു കയ്യൊപ്പുണ്ട് … അതുകൊണ്ടാണ് നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയിലും ഒന്നാമതായി ഈ സംസ്ഥാനം തുടരുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം തുടങ്ങി വിവിധ മേഖലകളില്‍ … മറ്റു സംസ്ഥാനങ്ങള്‍ക്ക് കേരളത്തില്‍ നിന്നു പഠിക്കാനും ഏറെയുണ്ട്.
ഏറ്റവും ഒടുവില്‍ ഇപ്പോള്‍ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തട്ടിപ്പ് നടക്കാത്ത സംസ്ഥാനങ്ങളിലും മുന്നില്‍ നില്‍ക്കുന്നത് കേരളം തന്നെയാണ്. ഈ പദ്ധതിയില്‍ കേരളം ഒരു രൂപ പോലും ദുര്‍വിനിയോഗം ചെയ്തില്ലെന്നുമാത്രമല്ല പരമാവധി തൊഴില്‍ദിനം സൃഷ്ടിക്കുന്നതിലും ഏറെ മുന്നിലെത്തിയിരിക്കുകയാണ്. യോഗിയുടെ ഉത്തര്‍പ്രദേശും, കര്‍ണാടകയും, പഞ്ചാബും അടക്കം, ബിജെപിയും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന സംസ്ഥാനങ്ങളില്‍ കോടികളുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത് കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിനു കീഴിലെ ഗ്രാമീണ വികസന പഞ്ചായത്ത് രാജ് സ്റ്റാന്‍ഡിങ് കമ്മിറ്റി പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ടിലാണ് ധനദുര്‍വിനിയോഗത്തിന്റെ ഈ പുതിയ ‘കണക്കുകള്‍ ഉള്ളത്.
തൊഴിലുറപ്പ് തുകയില്‍ രാജ്യത്താകെ 4,20,869 തട്ടിപ്പുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 974 കോടിയിലധികം രൂപയാണ് ഇതുവഴി മാത്രമുള്ള നഷ്ടം. ഇതില്‍ 65,445 കേസില്‍ മാത്രമാണ് തുക തിരിച്ച് പിടിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ഏഴായിരത്തിലധികം തട്ടിപ്പുകളാണ് കണ്ടെത്തിയിരിക്കുന്നത്. പ്രാഥമിക കണക്കെടുപ്പില്‍ 21കോടി കാണാനില്ലന്നതാണ് വിവരം. കര്‍ണാടകത്തില്‍ 174 കോടിയിലധികം രൂപയാണ് ദുര്‍വിനിയോഗം ചെയ്തിരിക്കുന്നത്. ആന്ധ്രപ്രദേശിലും തമിഴ്‌നാട്ടിലും, നൂറു കോടിയില്‍പ്പരമാണ് വെട്ടിച്ചിട്ടുള്ളത്. ബിഹാറില്‍ 12.34 കോടിയും, പഞ്ചാബില്‍ 26.78 കോടിയും, ഛത്തീസ്ഗഢില്‍ 52.58 കോടിയും, തട്ടിയെടുക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
അതേസമയം, തൊഴിലുറപ്പ് പദ്ധതി ഏറ്റവും ഫലപ്രദമായി നടക്കുന്നത് കേരളത്തിലാണെന്നും ഈ റിപ്പോര്‍ട്ടില്‍ പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തില്‍ സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശത്തിന് വിധേയമായി തന്നെ കൃത്യമായി ഓഡിറ്റിങ്ങും നടത്തുന്നുണ്ട്. ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ക്ക് 100 തൊഴില്‍ ദിനം ലഭിക്കുന്നതും, ‘ദൈവത്തിന്റെ ഈ സ്വന്തം നാട്ടില്‍’ തന്നെയാണ്. കേരളത്തിനെതിരായ യോഗി ആദിത്യനാഥിന്റെ പ്രതികരണം വിവാദമായ ഘട്ടത്തിലാണ് സംസ്ഥാനത്തിന്റെ പുതിയ നേട്ടവും വാര്‍ത്താ മാധ്യമങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്.
ഇതോടൊപ്പം തന്നെ, സംസ്ഥാന കയര്‍ വികസന വകുപ്പ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേര്‍ന്ന് നടത്തുന്ന ഫ്‌ലാഗ്ഷിപ്പ് പോഗ്രാമായ കയര്‍ ഭൂവസ്ത്ര പദ്ധതിയും ഏറെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മണ്ണ് ജലസംരക്ഷണ പദ്ധതികളിലും റോഡ് നിര്‍മ്മാണത്തിനും കയര്‍ ഭൂവസ്ത്രം ഉപയോഗിക്കുന്നതിനായി, 2017ല്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ആവിഷ്‌കരിച്ച പോഗ്രാമാണിത്. വിപ്ലവകരമായ മാറ്റമാണ് ഈ രംഗത്ത് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളായ കയര്‍ഫെഡ്, കേരള സ്‌റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍, ഫോം മാറ്റിംഗ്‌സ് ഇന്ത്യ ലിമിറ്റഡ് എന്നിവയാണ് ഇതിന് ആവശ്യമായ കയര്‍ഭൂവസ്ത്രം സംഭരിച്ച് നല്‍കി വരുന്നത്. സംസ്ഥാനത്തെ 584 കയര്‍ സഹകരണ സംഘങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന കയറിന് ആഭ്യന്തര വിപണി കണ്ടെത്തുന്നതില്‍ കയര്‍ഭൂവസ്ത്രം പദ്ധതിക്ക് ഇന്നു വലിയ പങ്കാണുള്ളത്. ഈ കയറുപയോഗിച്ച് ഭൂവസ്ത്രം നിര്‍മ്മിക്കുന്നത് സംസ്ഥാനത്തെ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കയര്‍ സംഘങ്ങളാണ്.
ഈ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ 95 ശതമാനവും സ്ത്രീകളാണ് എന്നതും ഏറെ ശ്രദ്ധേയമാണ്. അതു കൊണ്ടു തന്നെ സ്ത്രീ ശാക്തീകരണത്തിന് ആക്കം കൂട്ടുന്ന ഒരു പദ്ധതി കൂടിയാണ് ഇതെന്നാണ് വ്യവസായ മന്ത്രി പി രാജീവും ചൂണ്ടിക്കാട്ടുന്നത്. 2017 മുതല്‍ 2021 വരെ, ഏകദേശം 350 കോടി രൂപയുടെ വിവിധ പ്രോജക്ടുകള്‍, തൊഴില്‍ ഉറപ്പ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയപ്പോള്‍ 100 കോടി രൂപയുടെ കയര്‍ഭൂവസ്ത്രമാണ് കേരളത്തില്‍ വിനിയോഗിക്കാനായിരിക്കുന്നത്. ഇത് ആഭ്യന്തരമാര്‍ക്കറ്റിലെ വലിയ ഒരു സാധ്യത തന്നെയാണ്.
പരീക്ഷണ അടിസ്ഥാനത്തില്‍ കേരളത്തില്‍ ചുരുക്കം ചിലയിടങ്ങളില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന കയര്‍ഭൂവസ്ത്രം, സംസ്ഥാനത്ത് വ്യാപകമായി ഉപയോഗിച്ച്, വലിയ ജനകീയ പിന്തുണയുളള പദ്ധതി ആക്കിയാണ് നിലവില്‍ മാറ്റിയിരിക്കുന്നത്. 2021ലെ, കയര്‍ കേരളയില്‍ ഒപ്പുവച്ച 120 കോടി രൂപയുടെ ധാരണാപത്രം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നടപ്പാക്കുന്നതിന് നിരവധി പ്രതിസന്ധികളാണ് നേരിട്ടിരുന്നത്. അവയെല്ലാം തരണം ചെയ്യുന്നതിനും പദ്ധതി വിജയകരമായി മുന്നോട്ടു കൊണ്ടു പോകുന്നതിനും സര്‍ക്കാറിന് ഇപ്പോള്‍ സാധിച്ചിട്ടുണ്ട്. 40 കോടി രൂപയുടെ പദ്ധതിയാണ് ഇതിനോടകം നടന്നു കഴിഞ്ഞിരിക്കുന്നത്.
സാമ്പത്തികവര്‍ഷം അവസാനിക്കാനിരിക്കെ കയര്‍തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുന്നതിനായി കയറിനും കയര്‍ ഉല്‍പന്നങ്ങളുടെയും ആഭ്യന്തര വിപണി ശക്തിപ്പെടുത്തുക എന്നത് വ്യവസായ വകുപ്പിനു മുന്നിലുള്ള വലിയ വെല്ലുവിളി തന്നെയാണ്. ഇതിനെ മറികടക്കാനുള്ള ശ്രമങ്ങളും ഇപ്പോള്‍ ശക്തമായി നടന്നു വരികയാണ്. കയര്‍ വികസന വകുപ്പിലെ മുഴുവന്‍ ജീവനക്കാരും 2022 ഫെബ്രുവരി മാസം മുഴുവന്‍, ”കയര്‍ ജിയോ ടെക്‌സ്‌റ്റൈല്‍സ് മാര്‍ക്കറ്റിംഗ് ക്യാമ്പയിന്റെ” ഭാഗമായി മാറുമെന്നാണ് വ്യവസായ മന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ഓരോ പഞ്ചായത്തുകളിലും കയറിയിറങ്ങി തൊഴിലുറപ്പിന്റെ അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍മാര്‍, പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി തുടങ്ങിയവരുമായെല്ലാം കണ്ട് ചര്‍ച്ച നടത്തി തീരുമാനിച്ച പദ്ധതികള്‍ ഈ സാമ്പത്തികവര്‍ഷം തന്നെ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ ഓര്‍ഡറുകള്‍ എഴുതി വാങ്ങുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഇപ്രകാരം ലഭിക്കുന്ന ഓര്‍ഡറുകള്‍ അതത് ജില്ലകളുടെ ചുമതലയുള്ള കയര്‍ പൊതുമേഖലാ സ്ഥാപനത്തിനാണ് കൈമാറുന്നത്.
ഫെബ്രുവരി ഒന്നാം തീയതി മുതല്‍ ആരംഭിച്ച ക്യാമ്പയിനില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇതിനകം തന്നെ 11.5 ലക്ഷം ചതുരശ്ര മീറ്റര്‍ കയര്‍ ഭൂവസ്ത്രത്തിന്റെ ഓര്‍ഡറുകള്‍ സംഭരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ മൂല്യം ആകട്ടെ 8.5 കോടി രൂപയാണ്. കയര്‍ വികസന ഡയറക്ടറുടെ മേല്‍ നോട്ടത്തിലാണ് ക്യാംപയിന്‍ പുരോഗമിക്കുന്നത്. ഓരോ ജില്ലയിലേക്കും ചുമതലപ്പെടുത്തിയിരിക്കുന്ന ഓരോ ടീമിലും കയര്‍ വികസന ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരും, പ്രോജക്ട് ഓഫീസിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്. ഓരോ ടീമുകളും ഒരു ദിവസം ശരാശരി 200 കിലോമീറ്ററിലധികം സഞ്ചരിക്കുന്നുണ്ടെന്നതാണ് കണക്ക്. ഇങ്ങനെയൊക്കെയാണ് കേരളം വീണ്ടും വീണ്ടും ചരിത്രം രചിച്ചു കൊണ്ടിരിക്കുന്നത്.
രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്ത ഇത്തരം മാതൃകകളെ കൂടിയാണ് യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ കാണാതെ പോകുന്നത്. അഥവാ കണ്ടില്ലന്നു നടിക്കുന്നത്. അവരെ സംബന്ധിച്ച് കേരളം എന്നത് രാഷ്ട്രീയ പകയുടെ ഒരു കേന്ദ്രം മാത്രമാണ്. വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച സംസ്ഥാനത്ത് നിന്നാണ് ഈ വിലയിരുത്തല്‍ വരുന്നത് എന്നതും നാം തിരിച്ചറിയേണ്ടതുണ്ട്.
EXPRESS KERALA VIEW