Kerala Is case; 2 malayali police officers -NIA Team

കൊച്ചി : ഇസ്ലാമിക് സ്റ്റേറ്റിന്റെ കേരള ഘടകത്തിന്റെ വേര് പിഴുതെടുത്തത് രണ്ട് മലയാളി പൊലീസ് ഓഫീസര്‍മാര്‍.

കണ്ണൂരിലും കുറ്റ്യാടിയിലും തിരുനെല്‍വേലിയിലുമായി നടന്ന എന്‍.ഐ. എ യുടെ ഓപ്പറേഷന് ചുക്കാന്‍ പിടിച്ചത് കേരള പൊലീസിലെ മുന്‍ ഡി.വൈ.എസ്.പി മാരായ ഷൗക്കത്തലിയും വിക്രമനുമാണ്.ഡെപ്യൂട്ടേഷനില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്‍.ഐ.എ യിലെത്തിയ രണ്ട് പേരും നിരവധി പൊലീസ് മെഡലുകള്‍ വാരിക്കൂട്ടിയ ഉദ്യോഗസ്ഥരാണ്.

അടുത്തയിടെ രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ വിക്രമനെ തേടിയെത്തിയിരുന്നു. കോളിളക്കം സൃഷ്ടിച്ച ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ കണ്ണൂരിലെ മുടക്കോഴി മലയില്‍ നിന്ന് സാഹസികമായി പിടികൂടിയത് ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ്.

ബോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയില്‍ മലപ്പുറം പേരാമ്പ്രയില്‍ ബാങ്ക് കൊള്ള നടത്തിയ സംഘത്തെ പിടികൂടിയ അന്വേഷണ സംഘത്തിലെ പ്രധാനിയായിരുന്നു വിക്രമന്‍. 2008ല്‍ കരിപ്പൂര്‍ വിമാനത്താവളം വഴി ദാവൂദിന്റെ സംഘമെത്തിച്ച 72.05 ലക്ഷം രൂപയുടെ കള്ളനോട്ടും, നെടുമ്പാശ്ശേരി വിമാനത്താവളം വഴി എത്തിച്ച 24.16 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍ പിടിച്ച കേസിലും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായ താഹിറിന്റെ പങ്ക് പുറത്ത് കൊണ്ടുവന്നത് വിക്രമനാണ്.താഹിര്‍ ഐഎസ്‌ഐ ഏജന്റായി പ്രവര്‍ത്തിച്ചിരുന്നതായും പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കൊലക്കേസുകള്‍ ഉള്‍പ്പെടെ നിരവധി സെന്‍സേഷന്‍ കേസുകളില്‍ തുമ്പുണ്ടാക്കി പ്രതികളെ തുറുങ്കിലടച്ച ഷൗക്കത്തലിയും വിക്രമനും യാതൊരു രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങാത്ത ഉദ്യോഗസ്ഥരായാണ് അറിയപ്പെടുന്നത്.

കുറ്റാന്വേഷണ രംഗത്ത് ഇവര്‍ കാഴ്ചവച്ച മികച്ച നേട്ടം തന്നെയാണ് എന്‍.ഐ.എ യിലേക്ക് തെരഞ്ഞെടുക്കാനും വഴി ഒരുക്കിയത്. കൊച്ചിയാണ് കേരളത്തിലെ എന്‍.ഐ.എ യുടെ ആസ്ഥാനം.

എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് പിടിയിലായ ഐ.എസ്. അനുഭാവികള്‍ ടെലഗ്രാമില്‍ പ്രത്യേക ഗ്രൂപ്പുണ്ടാക്കിയത്. സമീര്‍ അലിയെന്ന വ്യാജപേരുള്ള കണ്ണൂര്‍ സ്വദേശി മന്‍സീദായിരുന്നു സംഘത്തലവന്‍. ഈ ഗ്രൂപ്പ് ശ്രദ്ധയില്‍പ്പെട്ട എന്‍.ഐ.എ തന്ത്രപൂര്‍വ്വം അപേക്ഷ നല്‍കി പങ്കാളിയാവുകയായിരുന്നു.

ഇതിനിടെ പ്രമുഖ സാമുദായിക സംഘടനയുടെ കൊച്ചിയിലെ സമ്മേളന സ്ഥലത്തേക്ക് ടിപ്പര്‍ ഇടിച്ച് കയറ്റുന്നത് സംബന്ധിച്ച ചര്‍ച്ച ചോര്‍ന്നതോടെ ടെലഗ്രാം ഗ്രൂപ്പ് നിശ്ചലമായി. ഗ്രൂപ്പിലെ ഒറ്റുകാരനെ കണ്ടെത്താന്‍ ഇവര്‍ ഒത്ത് ചേരാന്‍ തീരുമാനിച്ച സ്ഥലമായിരുന്നു കണ്ണൂരിലെ കനകമല.

ഈ വിവരം ചോര്‍ത്തിയാണ് ഷൗക്കത്തലിയുടെയും വിക്രമന്റെയും നേതൃത്വത്തിലുള്ള സംഘം യുവാക്കളെ കുടുക്കിയത്. ചാറ്റിംഗ് ഗ്രൂപ്പില്‍ മൊത്തം 12 പേരാണ് അംഗങ്ങള്‍. ഇതില്‍ പകുതി പേരും രാജ്യത്തിന് പുറത്താണ്. കേരളത്തിലെ 4 പ്രമുഖരെ വധിക്കാനും ഗ്രൂപ്പിലുള്ള ഇവര്‍ പദ്ധതി തയ്യാറാക്കിയിരുന്നു.

വന്‍ പ്രത്യാഘാതമുണ്ടാക്കുമായിരുന്ന വലിയ ദുരന്തമാണ് സമര്‍ത്ഥമായ നീക്കത്തിലൂടെ എന്‍.ഐ.എ ഇപ്പോള്‍ തകര്‍ത്തിരിക്കുന്നത്. കനകമലയിലെ അറസ്റ്റിനെ തുടര്‍ന്ന് ഐ.എസ്. ബന്ധം സംശയിക്കുന്ന നാലുപേരെ തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ എന്‍.ഐ.എ പിടികൂടിയിട്ടുണ്ട്. ഇതില്‍ തൊടുപുഴ സ്വദേശി സുബ്ഹാനിയും ഉള്‍പ്പെടും. യുഎപിഎ ഉള്‍പ്പെടെ എട്ട് വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Top