വേനൽച്ചൂട് കനത്തുതുടങ്ങിയതോടെ വൈദ്യുതി ഉപഭോഗം കുതിച്ചുയർന്ന് കേരളം അതിഗുരതരമായ വൈദ്യുതിപ്രതിസന്ധിയിലേക്ക്. മുൻവർഷത്തെ അപേക്ഷിച്ച് ജനുവരിയിൽതന്നെ വൈദ്യുതി ആവശ്യകതയിൽ 257 മെഗാവാട്ടിന്റെ വർധന വന്നുകഴിഞ്ഞു. ഉപഭോഗം മുൻവർഷത്തേക്കാൾ ഒമ്പത് ദശലക്ഷം യൂണിറ്റ് വർധിച്ചു. ഈ നില തുടരുകയാണെങ്കിൽ ചൂട് ഏറ്റവും കൂടുന്ന ഏപ്രിലിൽ റെക്കോഡ് ഉപഭോഗമാണ് കേരളത്തെ കാത്തിരിക്കുന്നത്.
ജനുവരിയിൽതന്നെ കടുത്തചൂടിലേക്ക് സംസ്ഥാനം നീങ്ങിയതോടെയാണ് വൈദ്യുതി ഉപഭോഗത്തിലും വർധനയുണ്ടായത്. 2022 ഏപ്രിലിൽ രേഖപ്പെടുത്തിയ ഉയർന്ന വൈദ്യുതി ഉപഭോഗമായ 82.5 ദശലക്ഷം യൂണിറ്റ്, ഈ വർഷം ജനുവരിയിൽതന്നെ മറികടന്നു.
കഴിഞ്ഞവർഷം ജനുവരിയിൽ 3900 മെഗാവാട്ട് വൈദ്യുതിയായിരുന്നു ആവശ്യംവന്നത്. ഏപ്രിലിൽ ചൂടുകൂടിയതോടെ വൈദ്യുതി ആവശ്യം 5000 മെഗാവാട്ട് കടന്നു. ഇത്തവണ ജനുവരിയിൽ 4200 മെഗാവാട്ടാണ് വേണ്ടിവന്നത്. കഴിഞ്ഞവർഷത്തെ അതേ അനുപാതവും വൈദ്യുതി കണക്ഷനുകൾ കൂടിയതും കണക്കിലെടുത്താൽ ഏപ്രിലിൽ വൈദ്യുതി ആവശ്യം 5300-5500 മെഗാവാട്ടിലേക്ക് എത്താനാണ് സാധ്യത.