ഭരണനിര്‍വഹണത്തില്‍ കേരളം നമ്പര്‍ വണ്‍, ഏറ്റവും പിന്നില്‍ യോഗിയുടെ യുപി

ന്യൂഡല്‍ഹി: രാജ്യത്തെ ഭരണനിര്‍വഹണം പരിശോധിക്കുന്ന പൊതുകാര്യ സൂചികയില്‍ (പബ്ലിക് അഫയേഴ്സ് ഇന്‍ഡക്സ്) ഇന്ത്യയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി കേരളം. ബെംഗളൂരൂ ആസ്ഥാനമായ സന്നദ്ധ സംഘടന പബ്ലിക് അഫയേഴ്സ് സെന്ററാണ് 2020-21 വര്‍ഷത്തെ സൂചിക പുറത്തുവിട്ടത്. പ്രധാനമായും സമത്വം, വളര്‍ച്ച, സുസ്ഥിരത എന്നീ മൂന്ന് കാര്യങ്ങള്‍ പരിഗണിച്ചാണ് സൂചിക തയ്യാറാക്കിയത്.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ തുടങ്ങിയ അഞ്ചു കേന്ദ്രാവിഷ്‌കൃത പദ്ധതിയും പരിശോധിച്ചു. മഹാമാരിയെ നേരിട്ട രീതിയും പഠനവിഷയമായി. വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം ഒന്നാമത്. 18 സംസ്ഥാനങ്ങളാണ് ഈ പട്ടികയിലുള്ളത്. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശാണ് ഏറ്റവും പിന്നില്‍.

1.618 സ്‌കോറാണ് മൊത്തം പ്രകടനത്തില്‍ കേരളം കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനത്തു വന്ന തമിഴ്നാട് 0.897 പോയിന്റു നേടി. തെലങ്കാനയാണ് മൂന്നാമത്, 0.891 പോയിന്റ്. ആദ്യ മൂന്നു സ്ഥാനത്തും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് എന്നതും ശ്രദ്ധേയമായി.

ഛത്തീസ്ഗഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. -1.418 ആണ് ഉത്തര്‍പ്രദേശിന്റെ സ്‌കോര്‍. തൊട്ടുമുകളില്‍ ബിഹാറാണ്, സ്‌കോര്‍ -1.343. ഒഡിഷയും പശ്ചിമബംഗാളുമാണ് ബിഹാറിന് മുകളിലുള്ളത്.

Top