കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ ഈ കണക്കുകള്‍ കൂടി ഒന്നു മനസ്സിലാക്കുന്നത് നല്ലതാണ്. സംസ്ഥാനങ്ങള്‍ക്കു നല്‍കിയ കോവിഡ് വാക്‌സിനില്‍ 23 ശതമാനവും ഉപയോഗശൂന്യമായതായ വിവരാവകാശ രേഖയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഞെട്ടിക്കുന്ന വിവരമാണിത്. ഏപ്രില്‍ 11 വരെയുള്ള കണക്കാണ് പുറത്തു വന്നിരിക്കുന്നത്. ഇതുപ്രകാരം തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ ഉപയോഗശൂന്യമായിരിക്കുന്നത്. വാക്‌സിന്‍ ഒട്ടും ഉപയോഗശൂന്യമാകാതെ ഉപയോഗിച്ച ഏക സംസ്ഥാനം കേരളമാണ്.
വാക്‌സിന്റെ ഒരു വയലില്‍ 10 ഡോസ് ആണുള്ളത്. തുറന്നു കഴിഞ്ഞാല്‍ നാല് മണിക്കൂറിനുള്ളില്‍ 10 ഡോസും ഉപയോഗിക്കണം. ബാക്കിവന്നാല്‍ അത് പൂര്‍ണ്ണമായും ഉപയോഗശൂന്യമാകുകയും ചെയ്യും. ഇത്തരത്തില്‍ വിവിധ സംസ്ഥാനങ്ങളിലായി ഉപയോഗശൂന്യമായിരിക്കുന്നത് 23 ശതമാനം വാക്‌സിനാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏപ്രില്‍ 11 വരെ വിതരണം ചെയ്ത 10.34 കോടി ഡോസ് വാക്‌സിനുകളില്‍ 44.78 ലക്ഷം ഡോസുകളും ഉപയോഗശൂന്യമായിട്ടുണ്ട്. തമിഴ്‌നാട് ഉപയോഗശൂന്യമാക്കിയത് 12.10 ശതമാനമാണ്. ഹരിയാന 9.74%, പഞ്ചാബ് 8.12%, മണിപ്പുര്‍ 7.8%, തെലങ്കാന 7.55%, വും വാക്‌സിന്‍ ഉപയോഗശൂന്യമാക്കിയിട്ടുണ്ട്.
ഏറ്റവും കാര്യക്ഷമമായി വാക്‌സിന്‍ ഉപയോഗിച്ച സംസ്ഥാനങ്ങളില്‍ കേരളത്തിനു പുറമെ പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, മിസോറം, ഗോവ എന്നിവയാണുള്ളത്. ദാമന്‍ ദ്യൂ, ആന്‍ഡമാന്‍-നിക്കോബാര്‍, ലക്ഷദ്വീപ് തുടങ്ങിയവിടങ്ങളിലും വാക്‌സിന്‍ ഫലപ്രദമായി തന്നെ ഉപയോഗിച്ചിട്ടുണ്ട്. കോവിഡിന്റെ രണ്ടാം വരവില്‍ രാജ്യം നേരിടുന്നത് വലിയ പരീക്ഷണമാണ്. അതിജീവനത്തിനു വേണ്ടി പൊരുതുന്ന ജനതക്ക് കരുത്ത് പകരേണ്ടത് ഓരോ ഭരണകൂടത്തിന്റെയും ചുമതലയാണ്. ആ കടമയാണ് കേരളം ഇപ്പോഴും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നത്. കേന്ദ്ര സര്‍ക്കാറും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാട്ടേണ്ടതുണ്ട്.
നല്‍കുന്ന വാക്‌സിനുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ടോ എന്നത് സംബന്ധിച്ച് കേന്ദ്ര ഏജന്‍സികളും ശക്തമായ നിരീക്ഷണം നടത്തേണ്ടതുണ്ട്. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ സഹായം വര്‍ദ്ധിപ്പിക്കാനും പുതിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. അതോടൊപ്പം തന്നെ വാക്‌സിന്‍ ഉപയോഗ ശൂന്യമായ സംഭവത്തില്‍ അന്വേഷണം നടത്തേണ്ടതും നടപടി സ്വീകരിക്കേണ്ടതും അനിവാര്യമാണ്. വാക്‌സിനു വേണ്ടി കോടിക്കണക്കിനു ജനങ്ങള്‍ കാത്തുനില്‍ക്കുമ്പോഴാണ് അധികൃതരുടെ അനാസ്ഥ മൂലം 23 ശതമാനം വാക്‌സിനും ഇപ്പോള്‍ ഉപയോഗ ശൂന്യമായിരിക്കുന്നത്. തെറ്റുകാര്‍ ആരായാലും അവര്‍ ഈ രാജ്യത്തെ ജനങ്ങളോടാണ് ദ്രോഹം ചെയ്തിരിക്കുന്നത്.
കൊവിഡിനെതിരായ പോരാട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ 24 മണിക്കൂറും സുസജ്ജമാണെന്ന് പറയുന്ന കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ വാക്‌സിന്‍ ഉപയോഗ ശൂന്യമായതില്‍ എന്തു നടപടിയാണ് കേന്ദ്രം സ്വീകരിച്ചത് എന്നതിനും മറുപടി പറയണം. രാജ്യം ഒറ്റക്കെട്ടായി പോരാടേണ്ട സമയമാണിത്. കോവിഡ് ബാധയേറ്റ് രാജ്യത്ത് ദിവസേന പിടഞ്ഞു വീഴുന്നവരുടെ എണ്ണം നടുക്കുന്നതാണ്. കൊലയാളി വൈറസ് ഒരിക്കല്‍ കൂടി പിടികൂടിയാല്‍ രക്ഷപ്പെടുക പ്രയാസമാണെന്ന് വൈറസ് ബാധയെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചു വന്നവരും വ്യാപകമായാണ് അഭിപ്രായപ്പെടുന്നത്. കിട്ടിയ വാഹനങ്ങളില്‍ നാട്ടിലേക്ക് പലായനം ചെയ്യുന്ന പതിനായിരക്കണക്കിന് തൊഴിലാളികള്‍ ഡല്‍ഹിയുടെ മാത്രമല്ല രാജ്യത്തിന്റെ ആകെ ആശങ്കയാണ് വര്‍ദ്ധിപ്പിക്കുന്നത്.
ഇത്തരം പലായനങ്ങള്‍, മിക്ക സംസ്ഥാനങ്ങളും ഇനിയും പ്രതീക്ഷിക്കുന്നുണ്ട്. കേരളവും ഇക്കാര്യത്തില്‍ വലിയ ജാഗ്രതയാണ് കാട്ടുന്നത്. അതിഥി തൊഴിലാളികള്‍ക്ക് കേരളം നല്‍കിയതു പോലുള്ള പരിഗണന മറ്റൊരു സംസ്ഥാനത്തും അവര്‍ക്ക് ലഭിച്ചിട്ടില്ല. കോവിഡിന്റെ ആരംഭ കാലത്ത് കേരളം വിട്ട അതിഥി തൊഴിലാളികള്‍ തന്നെ ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വൈറസിന്റെ ഈ രണ്ടാം വരവില്‍ കേരളത്തില്‍ തന്നെ കഴിയാനാണ് നല്ലൊരു വിഭാഗം അതിഥി തൊഴിലാളികളും തീരുമാനിച്ചിരിക്കുന്നത്. കോവിഡ് കേസുകള്‍ എത്ര തന്നെ വര്‍ദ്ധിച്ചാലും മരണ നിരക്ക് കുറച്ച് വൈറസിനെ അതിജീവിക്കാനുള്ള ശേഷി ഇപ്പോഴും കേരളത്തിനുണ്ട്.
അനവധി വര്‍ഷങ്ങളായി ഇവിടുത്തെ ആരോഗ്യമേഖല ആര്‍ജിച്ച കരുത്താണത്. അതുകൊണ്ട് തന്നെ കേരളത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിനും തെല്ലും ആശങ്കയില്ല. വൈറസിനെ പിടിച്ചു കെട്ടാന്‍ തീരുമാനിച്ചാല്‍ അത് കേരളം നടപ്പാക്കുക തന്നെ ചെയ്യും. അതിനായി സംസ്ഥാന സര്‍ക്കാറിന് കരുത്തു പകരാന്‍ ഒപ്പം നില്‍ക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. അനുസരണക്കേട് കാണിക്കാതിരിക്കുക എന്നതാണ് അതില്‍ പ്രധാനം.
അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക, മാസ്‌ക് ധരിക്കുക, വെള്ളവും സോപ്പും ഉപയോഗിച്ച് കൈ കഴുകുകയോ ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസര്‍ ഉപയോഗിക്കുകയോ ചെയ്യുക എന്നതും തുടര്‍ന്നും ശീലമാക്കുക തന്നെ വേണം. ഇതെല്ലാം വൈറസിന്റെ സാധ്യതകള്‍ കുറയ്ക്കാനുള്ള ഏറ്റവും നല്ല പോംവഴികളാണ്. സ്വയം സൂക്ഷിച്ചാല്‍ വൈറസിനെ ഏതൊരാള്‍ക്കും തുരത്താന്‍ കഴിയും. അതിനു വേണ്ടിയാണ് നാം ഓരോരുത്തരും ഇനിയും പരിശ്രമിക്കേണ്ടിയിരിക്കുന്നത്.