കേരളം വിപ്ലവത്തിന്റെ മണ്ണ് ;ചുവപ്പ് രാഷ്ട്രീയം എടുത്ത് പറഞ്ഞ് അമേരിക്കന്‍ മാധ്യമവും !

ന്യൂഡല്‍ഹി: കമ്മ്യൂണിസ്റ്റുകളെ കഴുകന്‍ കണ്ണുകളാല്‍ വേട്ടയാടുന്ന അമേരിക്കയിലെ പ്രമുഖ മാധ്യമവും ഒടുവില്‍ സമ്മതിച്ചു കേരളത്തിലെ ചുവപ്പ് രാഷ്ട്രീയത്തിന്റെ സ്വാധീനം.

ലോകത്തില്‍ ഇന്നും വിപ്ലവത്തിന്റെ ഏറ്റവും ശക്തമായ വളക്കൂറുള്ള മണ്ണാണ് കേരളത്തിലേതെന്ന് റിപ്പോര്‍ട്ട് ചെയ്തത് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റാണ്.

1957ല്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്നും ജനകീയതയുടെ കരുത്തില്‍ കേരളത്തില്‍ തുടരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രെഗ് ജെഫി, വിധി ദോഷി എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനവും ആരോഗ്യ പരിപാലന സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതും കേരളത്തിലാണ്. കേരളത്തില്‍ നിന്ന് നിരവധി പേര്‍ ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുകയും ആഗോള സാമ്പത്തിക രംഗത്തും തങ്ങളുടേതായ സംഭാവനകള്‍ ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പി കൃഷ്ണപിള്ള അനുസ്മരണം നടക്കുപ്പോഴാണ് വാഷിംഗ്ടണ്‍ പോസ്റ്റ് വാര്‍ത്താ സംഘം കേരളത്തിലെത്തിയത്. വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ കുറിച്ച് പഠിക്കുന്നതിന്റെ ഭാഗമായാണ് ഗ്രെഗ് വാഷിംഗ്ടണ്‍ പോസ്റ്റ് സംഘം കേരളത്തിലും എത്തിയത്.

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിച്ചാണ് ഇവര്‍ പഠനങ്ങള്‍ നടത്തിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തില്‍ നല്ല വേരോട്ടമാണെന്നും വിപ്ലവം നടത്താന്‍ കഴിവുള്ളവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് വിശ്വസിക്കുന്നവരാണ് കേരളത്തിലുള്ളതെന്നും ഗ്രെഗ് മുന്‍പും അഭിപ്രായപ്പെട്ടിരുന്നു.

Top