കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയുമായി ബന്ധമുള്ള ഭീകരര്‍ കേരളത്തിലും കശ്മീരിലും എത്തിയിരുന്നതായി റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ സൈന്യത്തലവനാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ലഫ്റ്റനന്റ് ജനറല്‍ മഹേഷ് സേനാനായ്ക് ആണ് തീവ്രവാദികള്‍ ഇന്ത്യയില്‍ എത്തിയിരുന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍, കേരളത്തില്‍ എത്തിയതിന്റെ ഉദേശം വ്യക്തമല്ല. പരിശീലനത്തിനാണോ ശൃംഖല വിപുലപ്പെടുത്താനാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
സ്‌ഫോടനവുമായി ബന്ധമുള്ള മൗലവി സഹ്രാന്‍ ബിന്‍ ഹാഷിമാണ് ഇന്ത്യയിലെത്തിയതെന്നാണ് സംശയം. ശ്രീലങ്കന്‍ നാഷണല്‍ തൗഹീദ് ജമാ അത്(എന്‍ റ്റി ജെ)യുടെ നേതാവാണ് ഇയാള്‍. ഹാഷിം അംഗമായുള്ള തമിഴ്‌നാട് തൗഹീദ് ജമാ അത്തിന് തീവ്രവാദ ആക്രമണത്തില്‍ ബന്ധമില്ലെന്നാണ് ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. തമിഴ്‌നാട് തൗഹീദ് ജമാ അത്തില്‍ നിന്നും തെറ്റിപ്പിരിഞ്ഞ ഇയാള്‍ പിന്നീട് ശ്രീലങ്കന്‍ തൗഹീദ് ജമാ അത്ത് രൂപീകരിക്കുകയായിരുന്നു.
അതേസമയം, തൗഹീത് ജമാഅത്തിന് വേരുകളുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ശ്രീലങ്കയില്‍ ചാവേറാക്രമണം നടന്നതിനെ തുടര്‍ന്ന് സ്ഫോടനവുമായി പങ്കുണ്ടെന്ന സംശയത്തില്‍ കസ്റ്റഡിയില്‍ എടുത്ത റിയാസ് അബൂബക്കറിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു തമിഴ്നാട്ടില്‍ റെയ്ഡ് നടത്തിയത്.
തമിഴ്‌നാട്ടിലെ തൗഹീദ് ജമാഅത്തുമായി ബന്ധമുള്ള 65ലധികം മലയാളികള്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്. റെയ്ഡില്‍ സഹ്രാന്‍ ഹാഷ്മിന്റെ വീഡിയോകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
മലയാളികള്‍ ഉള്‍പ്പെടെ പങ്കെടുത്ത തൗഹീദ് ജമാഅത്തിന്റെ മധുരയിലെയും നാമക്കലിലെയും യോഗ വിവരങ്ങള്‍ എന്‍ഐഎക്ക് ലഭിച്ചിരുന്നു. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും യുവാക്കളെ ആശയത്തിലേക്ക് അടുപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന സഹ്രാന്‍ ഹാഷ്മിന്റെ വീഡിയോ തെളിവുകളാണ് റെയ്ഡില്‍ നിന്ന് പിടിച്ചെടുത്തത്. കോയമ്പത്തൂര്‍, ചെന്നൈ എന്നിവടങ്ങളില്‍ നടന്ന റെയ്ഡിലാണ് രേഖകള്‍ പിടിച്ചെടുത്തത്. കുംഭകോണത്ത് മലയാളികളെ അടക്കം ചോദ്യം ചെയ്തു.
തിരുവള്ളൂര്‍ പൂനമല്ലിയില്‍ നിന്ന് തൗഹീദ് ജമാഅത്തുമായി ബന്ധം പുലര്‍ത്തിയിരുന്നവരെ കസ്റ്റഡിയിലെടുത്തിരുന്നു. ചെന്നൈയ്ക്ക് സമീപം മന്നാടിയില്‍ നിന്ന് ഒരു ശ്രീലങ്കന്‍ സ്വദേശിയെയും കസ്റ്റഡിയിലെടുത്തിരുന്നു. ദേശീയ അന്വേഷണ ഏജന്‍സിയുടെ കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്.