തിരുവനന്തപുരം: കൊവിഡ് ബാധയെ തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളില്‍ വെച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്കും കേരളം കൊവിഡ് ധനസഹായം നല്‍കും. ഇതര സംസ്ഥാനങ്ങളില്‍ നിന്നും സഹായം ലഭിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയതിന് ശേഷമാകും സംസ്ഥാനം സഹായം അനുവദിക്കുക. ഇതുസംബന്ധിച്ച് സാക്ഷ്യ പത്രം അധികൃതര്‍ക്ക് കൈമാറണം. കൊവിഡ് സര്‍ട്ടിഫിക്കറ്റും മരണസര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ദുരന്തനിവാരണ വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
കാസര്‍കോട് കളക്ടര്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയ കത്ത് പരിശോധിച്ച ശേഷമാണ് ഇതരസംസ്ഥാനങ്ങളില്‍ വെച്ച് മരിച്ച കേരളത്തിലുള്ളവരുടെ കുടുംബങ്ങള്‍ക്കും സഹായം അനുവദിക്കാന്‍ ഉത്തരവായത്. 50000 രൂപയാണ് സഹായമായി നല്‍കുന്നത്. കൊവിഡ് ബാധിച്ച് ഒരുമാസത്തിനുള്ളില്‍ മരണപ്പെട്ടാല്‍ അതിനെ കൊവിഡ് മരണമായി കണക്കാക്കണം എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നത്. ഇത് അടിസ്ഥാനമാക്കിയാകും സഹായം അനുവദിക്കുക.
കാസര്‍കോട് ജില്ലക്കാരായ 50 പേര്‍ കര്‍ണാടകത്തിലെ മംഗലാപുരത്തെ ആശുപത്രികളില്‍ മരിച്ചതായി കളക്ടര്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയ കത്തില്‍ അറിയിച്ചിരുന്നു. 2021 ഒക്ടോബര്‍ 13 വരെയുള്ള കാലയളവിലെ കണക്കുകള്‍ നരത്തിയാണ് അദ്ദേഹം കത്ത് നല്‍കിയത്. ഇത് പരിശോധിച്ച ശേഷമാണ് ദുരന്തനിവാരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.