തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് തുടങ്ങും. ഗവർണർ ഒപ്പിടാത്തതിനെത്തുടർന്ന് 11 ഓർഡിനൻസുകൾ റദ്ദാക്കപ്പെട്ട അസാധാരണ സാഹചര്യത്തിലാണ് നിയമ നിർമാണത്തിനായി പത്ത് ദിവസത്തെ പ്രത്യേക സമ്മേളനം ചേരുന്നത്. നിലവിലെ ലിസ്റ്റിൽ ഇല്ലെങ്കിലും ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കൽ, സർവ്വകലാശാല വൈസ് ചാൻസിലർ നിയമനത്തിൽ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കൽ തുടങ്ങിയ നിയമ ഭേദഗതികൾ നിയമസഭയിലെത്താൻ സാധ്യതയുണ്ടെന്നാണ് വിവരങ്ങൾ.
ഇതിനെതിരെ സഭയിൽ ശക്തമായ പ്രതിഷേധം ഉയർത്തനാണ് പ്രതിപക്ഷ നീക്കം. ലോകായുക്ത നിയമഭേദഗതിയിൽ ഇടതുമുന്നണിയിലും ഭിന്നതയുണ്ട്. സിപിഐയുമായി സിപിഎം നടത്തിയ ഉഭയകക്ഷി ചർച്ചയിൽ യോജിച്ച തീരുമാനം കണ്ടെത്താനായിട്ടില്ല. നിയമ നിർമ്മാണത്തിന് ഒക്ടോബർ, നവംബർ മാസങ്ങളിൽ സഭ സമ്മേളിക്കുമെന്നായിരുന്നു നേരത്തെ ഉള്ള ധാരണ. അസാധാരണ സ്ഥിതി കണക്കിലെടുത്താണ് സഭാ സമ്മേളനം നേരത്തെ ആക്കേണ്ടി വന്നത്.