തിരുവനന്തപുരം: താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയ നോട്ടീസ് നല്‍കി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ശരിയായ ദിശയിലാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും സഭയെ അറിയിച്ചു.
ഇസഹാഖ് എന്ന ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം സിപിഎം പ്രവര്‍ത്തകര്‍ ആസൂത്രിതമായി നടപ്പാക്കിയതാണെന്ന് അടിയന്തിര പ്രമേയത്തിന് അനുമതി നേടിക്കൊണ്ട് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ പറഞ്ഞു.കേസിലെ പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് പറയാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിച്ചില്ലെന്ന് പ്രതിപക്ഷ മുനീര്‍ കുറ്റപ്പെടുത്തി. 60 കൊല്ലത്തോളം താനൂരില്‍ ലീഗ് എംഎല്‍എ ഉണ്ടായിരുന്നപ്പോള്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ പോലും കൊല്ലപ്പെട്ടിരുന്നില്ല. എന്നാല്‍ മൂന്നരവര്‍ഷകാലം സിപിഎം എംഎല്‍എയുടെ ഭരണത്തില്‍ ലീഗ് പ്രവര്‍ത്തകന്റെ ജീവനെടുക്കുന്ന സ്ഥിതി വിശേഷമുണ്ടായെന്ന് എംകെ മുനീര്‍ നിമസഭയില്‍ ആരോപിച്ചു.
അതേസമയം കൊലപാകതത്തില്‍ രാഷ്ട്രീയമുണ്ടെന്ന് സ്ഥിരീകരിക്കാന്‍ മുഖ്യമന്ത്രിയും തയ്യാറായില്ല. കൊല്ലപ്പെട്ടത് ലീഗ് പ്രവര്‍ത്തകനാണെന്ന് പറഞ്ഞപ്പോഴും പ്രതികള്‍ പാര്‍ട്ടി ബന്ധമുള്ളവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞില്ല. മൂന്ന് പ്രതികള്‍ പിടിയിലായിട്ടുണ്ട്. ആയുധങ്ങള്‍ പിടിച്ചെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളിലൊരാളുടെ സഹോദരനെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ നേരത്തെ ആക്രമിച്ചിരുന്നുവെന്നും ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഒമ്പത് പ്രതികളുള്ള കേസില്‍ നിലവില്‍ മൂന്ന് പേരെയാണ് പിടി കൂടിയിട്ടുള്ളത്. അബ്ദുള്‍ മുഫീസ്, മഷൂദ്, താഹമോന്‍ എന്നിവരാണ് പിടിയിലായ പ്രതികള്‍. കേസിലെ പ്രതികളെല്ലാം സിപിഐ പ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ട്.